North Korean leader Kim Jong Un (R) inspecting a missile launch exercise in Pyongyang. Image By Korean Central News Agency.

വെനസ്വേലയ്ക്കെതിരെ യു.എസ് നടത്തിയ സൈനിക നടപടിക്കിടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ കിഴക്കൻ കടലിന് മുകളിലൂടെ ഏകദേശം 1,000 കിലോമീറ്റർ (621 മൈൽ) അകലെയുള്ള ലക്ഷ്യങ്ങളിലാണ് മിസൈലുകൾ പതിച്ചതെന്ന് ഔദ്യോഗിക മാധ്യമമായ കിസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കിം ജോങ് ഉന്നിന്‍റെ മേല്‍നോട്ടത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. 

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ശക്തവും വിശ്വസനീയവുമായ ആണവ പ്രതിരോധം ഉണ്ടാകുകയെന്നത് പ്രധാനപ്പെട്ട തന്ത്രമാണെന്ന് കിം പറഞ്ഞു.  രണ്ട് മിസൈലുകളാണ് വിക്ഷേപിച്ചതെന്നാണ് ജപ്പാന്‍ പ്രതികരണം. ഒന്ന് 900 കിലോ മീറ്റര്‍ ദൂരത്തിലും 950 കിലോ മീറ്റര്‍ ദൂരത്തിലും പതിച്ചതായി ജപ്പാന്‍ വ്യക്തമാക്കി. വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്ന് ഉത്തരകൊറിയ ഞായറാഴ്ച വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിസൈൽ വിക്ഷേപണം.

വെനിസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള പ്രതികരണമായാണ് മിസൈല്‍ പരീക്ഷണമെന്ന് സോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ യൂണിഫിക്കേഷനിലെ ഉത്തരകൊറിയൻ വിദഗ്ദ്ധനായ ഹോങ് മിൻ പറഞ്ഞു. ഒക്ടോബർ പരേഡിൽ പ്രദർശിപ്പിച്ച ഹ്വാസോങ്-11 ആണ് മിസൈലാണ് വിക്ഷേപിച്ചതെന്നാണ് വിലയിരുത്തല്‍. യുഎസ്-ദക്ഷിണ കൊറിയയുടെ മിസൈൽ പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന മിസൈലുകൾ വിക്ഷേപിക്കാനുള്ള കഴിവ് ഊന്നിപ്പറയുകയാണ് ഉത്തരകൊറിയ ലക്ഷ്യമിട്ടതെന്നും ഹോങ് കൂട്ടിച്ചേർത്തു.

അതേസമയം, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങിന്‍റെ ചൈന സന്ദര്‍ശനത്തെ ബന്ധിപ്പിച്ചും ഉത്തരകൊറിയയുടെ നടപടിയെ വിലയിരുത്തുന്നുണ്ട്. ദക്ഷിണ കൊറിയയുമായുള്ള ചൈനയുടെ അടുത്ത ബന്ധം തടയുന്നതിനും ആണവനിരായുധീകരണത്തെക്കുറിച്ചുള്ള ചൈനയുടെ നിലപാടിനെ പ്രതിരോധിക്കുന്നതിനുമായാണ് മിസൈൽ വിക്ഷേപണങ്ങളെന്നാണ് സോളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാർ ഈസ്റ്റേൺ സ്റ്റഡീസിലെ പ്രൊഫസർ ലിം യൂൾ-ചുൾ പറഞ്ഞത്. നിക്കോളാസ് മഡുറോയെ പിടികൂടിയ യു.എസിന്, തങ്ങള്‍ വെനസ്വേലയിൽ നിന്ന് വ്യത്യസ്തരാണെന്ന ശക്തമായ സന്ദേശം നല്‍കുകയാണ് ഉത്തരകൊറിയയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശനിയാഴ്ച ആയുധ ഫാക്ടറി സന്ദർശിച്ച കിം തന്ത്രപരമായ ഗൈഡഡ് ആയുധങ്ങളുടെ ഉൽപാദന ശേഷി ഇരട്ടിയിലധികം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്കിരുന്നു.യു.എസ് തങ്ങളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരുന്ന ഉത്തരകൊറിയയ്ക്ക് തിരിച്ചടിയാണ് വെനസ്വേലയ്ക്കെതിരായ നടപടി. യു.എസ് കടന്നുകയറ്റത്തിനെതിരായ പ്രതിരോധമാണ് ആണവ, മിസൈൽ പദ്ധതികളെന്നാണ് ഉത്തരകൊറിയയുടെ ന്യായം.

ENGLISH SUMMARY:

North Korea missile launch is a demonstration of power amid geopolitical tensions. This action follows criticism of the US's actions against Venezuela, highlighting North Korea's stance on sovereignty and defense capabilities.