Image Credit:X/swaasthi
പുതുവല്‍സരം ആഘോഷിക്കുന്നതിനായി പോയതിനിടെ കാണാതായ ഇന്ത്യന്‍ യുവതി അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍. മെറിലാന്‍ഡിലെ മുന്‍കാമുകന്‍റെ ഫ്ലാറ്റിലാണ് നികിത ഗോഡിശാല(27)യെന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തിലുള്ള കുത്തേറ്റ പാടുകളുണ്ട്. എല്ലികോട്ട് സിറ്റിയില്‍ ഡാറ്റ അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന നികിതയെ ഡിസംബര്‍ 31നാണ് സുഹൃത്തുക്കള്‍ അവസാനമായി കണ്ടത്.
നികിതയെ കാണാനില്ലെന്ന് അജിത് ശര്‍മയെന്ന മുന്‍കാമുകന്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ജനുവരി രണ്ടിനായിരുന്നു അജിത് പൊലീസില്‍ വിവരമറിയിച്ചത്. 31ന് രാത്രിയാണ് താന്‍ നികിതയെ അവസാനമായി കണ്ടതെന്നും അന്ന് തന്നെ കാണാന്‍ ഫ്ലാറ്റിലേക്ക് എത്തിയിരുന്നതെന്നും അജിത് പൊലീസിനെ അറിയിച്ചു. പിന്നാലെ പ്രതി യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് അജിതിന്‍റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പൊലീസ് സീല്‍ ചെയ്തു.
ഒന്നിലേറെ തവണ നികിതയ്ക്ക് കുത്തേറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം, കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. 26കാരനായ അജിത് ശര്‍മയുമായി രണ്ട് വര്‍ഷത്തെ അടുപ്പമാണ് നികിതയ്ക്കുണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎസ് ഫെഡറല്‍ നിയമങ്ങള്‍ അനുസരിച്ച് പ്രതിക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. 31ന് വൈകുന്നേരം ഏഴുമണിയോടെ തന്നെ നികിത കൊല്ലപ്പെട്ടിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.