അപ്രതീക്ഷിതവും അതേസമയം ഏറെ നാടകീയമായുമാണ് വെനസ്വേലന്‍ പ്രസി‍ഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും അമേരിക്ക ബന്ദിയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പുലര്‍ച്ചെ വെറും മുപ്പത് മിനിറ്റ് മാത്രം നീണ്ടുനിന്ന ആക്രമണം. ഇരുവരേയും പിടികൂടിയതാകട്ടെ അതീവ സുരക്ഷയുള്ള കാരക്കാസിലെ ഫോർട്ട് ടിയുന സൈനിക സമുച്ചയത്തിനുള്ളിലെ വസതിയിൽ നിന്നും. ആക്രമണം നടക്കുമ്പോള്‍ ഇരുവരും ഉറക്കത്തിലായിരുന്നു എന്നാണ് വിവരം. ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി മുറിയില്‍ നിന്നും വലിച്ചിഴച്ച് പുറത്തിട്ടാണ് ഇരുവരേയും പിടികൂടുന്നത്.

അതേസമയം, യുഎസ് സൈന്യം വളയുമ്പോൾ സുരക്ഷിതമായ മുറിയിലേക്കുള്ള മാറാനുള്ള ശ്രമത്തിലായിരുന്നു മഡുറോയും ഭാര്യയുമെന്നും മഡുറോ വാതിലിന് അരികെ വരെയെത്തിയെങ്കിലും വാതിൽ അടയ്ക്കും മുന്‍പ് പിടിയിലാകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മഡുറോ ഒരു ‘കോട്ട’യിലായിരുന്നുവെന്നും ആ കോട്ടയില്‍ നിന്നാണ് പുറത്തെത്തിച്ചതെന്നുമാണ് ട്രംപ് പറഞ്ഞത്. വെറും 30 മിനിറ്റിനിടെ പ്രസി‍ഡന്‍റിനെ ‘റാഞ്ചി’ യുഎസ് സൈന്യം കടന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റതൊഴിച്ചാല്‍ യുഎസ് സൈന്യത്തില്‍ മറ്റ് ആളപായങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അമേരിക്കയുടെ ഡെല്‍റ്റാ ഫോഴ്സാണ് വെനസ്വേലയില്‍ ആക്രമണം നടത്തിയത്. കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിച്ചുകൊണ്ടാണ് ആക്രമണമെന്ന് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. എഫ്ബിഐയും ആക്രമണത്തെ പിന്തുണച്ചിരുന്നു. മഡുറോയുടെ ചലനങ്ങൾ, ഭക്ഷണം, ഉറക്ക ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ ദൈനംദിന കാര്യങ്ങള്‍ ആഴ്ചകളോളം നിരീക്ഷിച്ച് പഠിച്ചായിരുന്നു യുഎസിന്‍റെ ദൗത്യം. മഡുറോയുടെ വസതിയുടെ മാതൃക നിർമിച്ച് ഡെൽറ്റ ഫോഴ്സ് മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. സുരക്ഷയ്ക്കായി സ്ഥാപിച്ച ലോഹവാതിലുകൾ വരെ തകർത്ത് ഉള്ളിൽ പ്രവേശിക്കാന്‍ സൈന്യം പരിശീലിച്ചിരുന്നു. ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്നായിരുന്നു സൈനിക നടപടിയുടെ പേര്.

യുഎസ് ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളസ് മഡുറോ. യുഎസ് പ്രസിഡന്‍റ് ഡോണള്‍‍ഡ് ട്രംപ് പുറത്തുവിട്ട ചിത്രം

4 ദിവസം മുൻപേ ദൗത്യത്തിന് ട്രംപ് അനുമതി നൽകിയിരുന്നു. എന്നാല്‍ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലും മേഘങ്ങളൊഴിഞ്ഞ നല്ല കാലാവസ്ഥയ്ക്കുമായി കാത്തിരിക്കുകയായിരുന്നു യുഎസ്. ആക്രമണത്തിനിടെ ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായതായി കാരക്കാസ് നിവാസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏഴ് സ്ഫോടനങ്ങളെങ്കിലും കേട്ടതായും സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറയുന്നുണ്ട്. യുഎസ് ആക്രമണത്തിൽ സിവിലിയന്മാരും സൈനികരും ഉൾപ്പെടെ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, പ്രസി‍ഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെത്തിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുവരുമായുള്ള വിമാനം ന്യൂയോർക്കിലെ സ്റ്റുവാര്‍ട്ട് എയര്‍ നാഷണല്‍ ബേസില്‍ ലാന്‍ഡ് ചെയ്തതായും അവിടെ നിന്നും മഡുറോയെ ഹെലികോപ്റ്ററില്‍ നഗരത്തിലെത്തിക്കുകയും ചെയ്തതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന്റെ ഓഫീസിലെത്തിക്കുന്ന മഡുറോയെ അവിടെ നിന്ന് മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്‍ററിലെ ജയിലിലേക്ക് മാറ്റും. തിങ്കളാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. 

മഡുറോയും ഭാര്യയും യു.എസില്‍ വിചാരണ നേരിടണമെന്നും വെനസ്വേലയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും ‌‌ട്രംപ് അറിയിച്ചിരുന്നു. വെനസ്വേലയില്‍ സുരക്ഷിതമായ മാറ്റം സംഭവിക്കുന്നതുവരെ യു.എസ് ഭരിക്കുമെന്നാണ് ട്രംപ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. യു.എസ് പങ്കാളിത്തം വെനിസ്വേലന്‍ ജനങ്ങളെ സമ്പന്നരും സ്വതന്ത്രരും സുരക്ഷിതരുമാക്കുമെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലെ എണ്ണ വ്യവസായത്തില്‍ അമേരിക്കന്‍ എണ്ണ കമ്പനികള്‍ ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, വെനസ്വേലയുടെ വരുംദിവസങ്ങളിലെ നീക്കങ്ങള്‍ പരിശോധിച്ച് തീരുമാനങ്ങളെടുക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിട്ടുള്ളത്.

ENGLISH SUMMARY:

New details emerge about 'Operation Absolute Resolve,' the US Delta Force mission that captured Venezuelan President Nicolas Maduro. The 30-minute raid on the Fort Tiuna complex caught Maduro and his wife sleeping. Despite being in a high-security 'fortress,' US forces used months of training and intelligence to extract them. Trump confirms the mission's success as Maduro arrives in New York for trial. At least seven explosions were reported in Caracas during the strike.