Image: REUTERS
അമേരിക്ക ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെത്തിച്ചതായി റിപ്പോര്‍ട്ട്. ഇരുവരുമായുള്ള വിമാനം ന്യൂയോർക്കിലെ സ്റ്റുവാര്‍ട്ട് എയര്‍ നാഷണല്‍ ബേസില്‍ ലാന്‍ഡ് ചെയ്തതായും അവിടെ നിന്നും ഹെലികോപ്റ്ററില്‍ നഗരത്തിലെത്തിക്കുകയും ചെയ്തതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന്റെ ഓഫീസിലെത്തിക്കുന്ന മഡുറോയെ വൈകാതെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്‍ററിലെ ജയിലിലേക്ക് മാറ്റും. തിങ്കളാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
‘അമേരിക്ക ഭരിക്കും’
മഡുറോയും ഭാര്യയും യു.എസില്‍ വിചാരണ നേരിടണമെന്നും വെനസ്വേലയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും ട്രംപ് അറിയിച്ചിരുന്നു. വെനസ്വേലയില്‍ സുരക്ഷിതമായ മാറ്റം സംഭവിക്കുന്നതുവരെ യു.എസ് ഭരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. യു.എസ് പങ്കാളിത്തം വെനിസ്വേലന്‍ ജനങ്ങളെ സമ്പന്നരും സ്വതന്ത്രരും സുരക്ഷിതരുമാക്കുമെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലെ എണ്ണ വ്യവസായത്തില്‍ അമേരിക്കന്‍ എണ്ണ കമ്പനികള്‍ ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, വെനസ്വേലയുടെ വരുംദിവസങ്ങളിലെ നീക്കങ്ങള്‍ പരിശോധിച്ച് തീരുമാനങ്ങളെടുക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിട്ടുള്ളത്.
വളഞ്ഞ് കീഴടക്കി യുഎസ്
ശനിയാഴ്ച പുലർച്ചയോടെയാണ് വെനസ്വേലയിലെ ഫോർട്ട് ടിയുന സൈനിക സമുച്ചയത്തിനുള്ളിലെ വസതിയിൽ നിന്നും നിക്കോളസ് മഡുറോയെയും ഭാര്യ ഫ്ലോറസിനെയും കസ്റ്റഡിയിലെടുത്തത്. അമേരിക്കയുടെ ഡെല്‍റ്റാ ഫോഴ്സാണ് ആക്രമണം നടത്തിയത്. കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിച്ചുകൊണ്ടാണ് ആക്രമണമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കാരക്കാസിലും മിറാൻഡ, അരഗ്വ, ലാ ഗ്വൈറ എന്നീ സംസ്ഥാനങ്ങളിലുമാണ് ആക്രമണങ്ങൾ നടന്നതെന്ന് വെനിസ്വേലൻ സർക്കാർ പറയുന്നു. സൈനിക– ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും യുഎസ് ആക്രമണം നടത്തിയതായി വെനസ്വേലന്‍ സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. ആക്രമണത്തിൽ സിവിലിയന്മാരും സൈനികരും ഉൾപ്പെടെ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
യുഎസ് ബന്ദിയാക്കിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോ. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ട ചിത്രം
കണ്ണുകള്‍ മറച്ച് വിലങ്ങുമായി മഡുറോ
ബന്ദിയാക്കിയതിന് പിന്നാലെ മഡുറോയുടെ ചിത്രം യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ടിരുന്നു. യു.എസ് യുദ്ധകപ്പലായ യുഎസ്എസ് ഇവോ ജിമയില്‍ നിന്നുള്ള മഡുറോയുടെ ചിത്രമാണ് പുറത്തുവിട്ടത്. മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ ശേഷം ഹെലികോപ്റ്റർ വഴി കപ്പലിലേക്ക് മാറ്റുകയായിരുന്നു. ട്രാക്ക്സ്യൂട്ട് ധരിച്ച് കയ്യില്‍ വെള്ളകുപ്പിയുമായി നില്‍ക്കുന്ന മഡൂറോയുടെ ചിത്രമാണ് ട്രംപ് പുറത്തുവിട്ടത്. മഡൂറോയുടെ കണ്ണുകള്‍ മറയ്ക്കുകയും കൈകള്‍ വിലങ്ങുവയ്ക്കുകയും ചെയ്തിരുന്നു.
FILE - President Donald Trump speaks at the 2025 House Republican Members Conference Dinner at Trump National Doral Miami in Doral, Fla., Jan. 27, 2025. (AP Photo/Mark Schiefelbein, File)
ട്രംപിന്‍റെ ആരോപണം
മഡുറോ രാജ്യാന്തര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകുന്നുവെന്നാണ് യു.എസിന്‍റെ ആരോപണം. വെനിസ്വേലയാണ് അമേരിക്കയിലേക്കുള്ള ലഹരിമരുന്ന് കടത്ത് പാതകളുടെ കേന്ദ്രബിന്ദു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമമാണ് ട്രംപിന്‍റെ ആരോപണങ്ങളെന്നായിരുന്നു മഡുറോ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.
മഡൂറോയുടെ അറസ്റ്റിന് സൂചന നല്‍കുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് വെനസ്വേലയിലേക്ക് യു.എസിന്‍റെ നേരിട്ടുള്ള ആക്രമണമുണ്ടായത്. വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.