പാക്ക് സൈന്യം നടത്തുന്ന ഫൗജി ഫൗണ്ടേഷനില്‍ 100 കോടി ഡോളറിന്‍റെ ഓഹരികൾ സ്വന്തമാക്കാന്‍ ഒരുങ്ങി യുഎഇ. പാക്കിസ്ഥാന് യുഎഇ നൽകിയ സാമ്പത്തിക സഹായത്തിന്‍റെ ഒരു ഭാഗം ദീർഘകാല നിക്ഷേപമായി മാറ്റാൻ അനുമതി നല്‍കി. വിദേശകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. 

ഫൗജി ഫൗണ്ടേഷന്‍ ഗ്രൂപ്പില്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ യുഎഇയെ അനുവദിച്ചത് സാമ്പത്തിക ക്രമീകരണത്തിന്‍റെ ഭാഗമാണെന്ന് പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദര്‍ പറഞ്ഞു. ഇതോടെ തങ്ങളുടെ കടബാധ്യതകുറയും. യുഎഇയ്ക്ക് നല്‍കേണ്ട 200 കോടി ഡോളറിന്‍റെ വായ്പകൾ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 31 ഓടെ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

പാക്ക് സൈനിക മേധാവി അസിം മുനീറിന്‍റെ നിയന്ത്രണത്തിലുള്ളതാണ് ഫൗജി ഫൗണ്ടേഷന്‍ ഗ്രൂപ്പ്. സൈന്യത്തിന്‍റെ വെല്‍ഫെയര്‍ ഫൗണ്ടേഷനായി 1954 ല്‍ ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് പ്രകാരമാണ് ഫൗജി ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ക്ഷേമമാണ് ഇതിന്‍റെ ലക്ഷ്യം. പാക്കിസ്ഥാനിലെ വിവിധ ബിസിനസുകള്‍ ഫൗജി ഫൗണ്ടേഷന് കീഴിലാണ്. ഔദ്യോഗികമായി സ്വകാര്യ സംഘടനയാണെങ്കിലും മുതിർന്ന സംസ്ഥാന, സൈനിക ഉദ്യോഗസ്ഥരാണ് ഇത് നിയന്ത്രിക്കുന്നത്. 

സര്‍ക്കാര്‍ ബാധ്യതയെ നിയമപരമായി സ്വകാര്യം എന്ന് വിളിക്കാവുന്ന സ്ഥാപനത്തിലേക്ക് മാറ്റുന്ന രീതിയെ വിവിധ സാമ്പത്തിക നിരീക്ഷകര്‍ വിമര്‍ശിക്കുന്നുണ്ട്. യുഎഇയുടെ സർക്കാർ നിക്ഷേപം ഫൗജി ഫൗണ്ടേഷന്റെ ഓഹരികളാക്കി മാറ്റുന്നത് നിഗൂഢമാണെന്ന് പൊളിറ്റിക്കൽ ഇക്കണോമിസ്റ്റ് ആയിഷ സിദ്ദിഖ വിമര്‍ശിച്ചു. അതേസമയം, പാക്കിസ്ഥാന്‍റെ വിദേശ കടം 2025 ജൂണില്‍ 91.8 ബില്യണ്‍ ഡോളറായിട്ടുണ്ട്. മൊത്തം പൊതുകടം 268.8 ബില്യണ്‍ ഡോളറാണ്. രണ്ടു വര്‍ഷത്തിനിടെ സൗഹൃദ രാജ്യങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ 12 ബില്യണ്‍ ഡോളര്‍ വായ്പയെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

In a major move to reduce its external debt, Pakistan has agreed to let the UAE acquire $1 billion worth of stakes in the military-controlled Fauji Foundation Group. This transaction, expected to be completed by March 31, 2026, will convert a part of Pakistan's $91.8 billion foreign debt into direct investment. While Deputy PM Ishaq Dar hailed the deal as a financial stabilizer, political economists like Ayesha Siddiqa raised concerns over the legal transparency of transferring state debt to a private military trust.