അല്‍ഖ്വയ്ദ ഭീകരന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ ചീഫ് കൗണ്‍സലായി നിയമിച്ച ന്യൂയോർക്ക് നിയുക്ത മേയർ സൊഹ്റാന്‍ മംദാനിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു. ന്യൂയോർക്ക് സിറ്റി ഹാളിലെ ഏറ്റവും ശക്തമായ പദവികളിലൊന്നാണ് ചീഫ് കൗണ്‍സല്‍ സ്ഥാനം. പൗരാവകാശ അഭിഭാഷകനും സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ പ്രൊഫസറുമായ റംസി കാസിമിനെയാണ് മംദാനി മേയറുടെ മുഖ്യ നിയമോപദേഷ്ടാവായി തിരഞ്ഞെടുത്തത്. 

നിയമവ്യവസ്ഥ കയ്യൊഴിയുന്നവരെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ അഭിഭാഷകനെയാണ് താന്‍ തിരഞ്ഞെടുത്തതെന്ന് മംദാനി പറയുന്നു. സിറിയന്‍ വംശജനായ കാസിം ഇതിനുമുന്‍പ് ബൈഡന്‍ സര്‍ക്കാറില്‍ കുടിയേറ്റ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിരുന്നു. അൽ-ഖ്വയ്ദ സ്ഥാപക നേതാവ് ഉസാമ ബിൻ ലാദന്റെ അടുത്ത സഹായിയായിരുന്ന അഹമ്മദ് അൽ-ദർബി ഉൾപ്പെടെയുള്ള വ്യക്തികൾക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ് കാസിം.  2002-ൽ യെമൻ തീരത്ത് ഒരു ഫ്രഞ്ച് ഓയിൽ ടാങ്കർ ബോംബ് വച്ച തകര്‍ത്ത കേസില്‍ അൽ-ദർബി ശിക്ഷിക്കപ്പെട്ടിരുന്നു.

കാസിമിന്റെ നിയമനം വിവാദമായതോടെ അദ്ദേഹം മുന്‍പെഴുതിയ ലേഖനങ്ങളും ക്യാമ്പസിലെ പ്രവര്‍ത്തനങ്ങളും പുറത്തുവന്നു. നിലവില്‍ മാന്‍ഹട്ടനിലെ ഹാര്‍ലെമിലാണ് കരീം താമസിക്കുന്നത്. കൊളംബിയയില്‍ പഠിക്കുമ്പോള്‍ ‘തുറാത്ത്’ എന്ന മുസ്ലിം വിദ്യാര്‍ഥി സംഘടനയുടെ സഹസ്ഥാപകനായിരുന്നുവെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ, ഇസ്രായേലി പൗരന്മാർക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുകയും ഹമാസിനെ പ്രതിരോധിക്കുകയും ചെയ്യുന്ന സംഘടനയാണിതെന്ന് ചില വെളിപ്പെടുത്തലുകള്‍ വന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കാസിം അനുകൂലികള്‍ നിഷേധിച്ചു. 

അടുത്തിടെ, കൊളംബിയയിലെ ബിരുദ വിദ്യാർത്ഥിയും പലസ്തീൻ അനുകൂല പ്രവർത്തകനുമായ മഹ്മൂദ് ഖലീലിനെ ഐസിഇ തടങ്കലിൽ വെച്ചതിനെതിരായി ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനിയായിരുന്നു കാസിം. ഇത് ക്യാമ്പസുകളിലടക്കം വലിയ ചര്‍ച്ചയായിരുന്നു. കാസിമിന്റെ നീക്കത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയോ പിരിച്ചുവിടുകയോ ചെയ്യണമെന്ന് റിപ്പബ്ലിക്കൻ നിയമനിർമ്മാതാവായ എലിസ് സ്റ്റെഫാനിക് ആവശ്യപ്പെട്ടു. എന്നാല്‍ ഈ നീക്കത്തിനെതിരെ അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി പ്രൊഫസേഴ്സ് രംഗത്തുവന്നു. അധ്യാപകരുടെ അവകാശം ഇല്ലാതാക്കുന്നതിനു തുല്യമാണ് അച്ചടക്കനടപടി എന്നതായിരുന്നു പ്രൊഫസര്‍മാരുടെ നിലപാട്. 

ENGLISH SUMMARY:

New York Mayor's Chief Counsel appointment sparks controversy. The appointment of Ramzi Kassem, a lawyer with a history of defending controversial figures, including an Al-Qaeda suspect, has drawn criticism and raised questions about the mayor's judgment.