പുതുപ്രതീക്ഷകളോടെ 2026നെ വരവേറ്റ് ലോകം. പുതുവര്‍ഷം ആദ്യമെത്തുന്ന വിദൂര പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍ 2026 പിറന്നു. പിന്നാലെ ന്യൂസീലൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. 600 ഓളം ആളുകൾ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്.
ഓസ്ട്രേലിയ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും ഉടന്‍ പുതുവല്‍സരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ 2026 പിറക്കുക. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവർഷം എത്തുന്നത് യുഎസിലായിരിക്കും. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായെത്തുക.
കിരിബാത്തി ദ്വീപ്
പസഫിക് സമുദ്രത്തിന്‍റെ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം വ്യാപിച്ചു കിടക്കുന്ന ദ്വീപാണ് 33 അറ്റോളുകൾ ചേർന്ന കിരിബാത്തി. ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 116,000 ആണ് ഇവിടത്തെ ജനസംഖ്യ.
കിരീബാത്തിയെ വിഭജിച്ചുകൊണ്ടാണ് സാങ്കല്‍പികമായ രാജ്യാന്തര സമയരേഖ കടന്നു പോവുന്നത്. അങ്ങനെ വരുമ്പോള്‍ കിരീബാത്തിയുടെ ഒരു പകുതിയില്‍ ഒരു ദിവസവും മറു പകുതിയില്‍ മറ്റൊരു ദിവസവുമാവും. ഈ സങ്കീര്‍ണത ഒഴിവാക്കാന്‍ 1995 മുതല്‍ കിരിബാത്തി ഒരൊറ്റ സമയമാണ് പിന്തുടരുന്നത്.