പുതുവത്സര ദിനത്തില്‍ ബാറുകള്‍ 12 മണിവരെ പ്രവര്‍ത്തിക്കും എന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം. ബാറുടമകളുടെ ആവശ്യം വിനോദ സഞ്ചാര വകുപ്പിന്റേത് കൂടിയാക്കി സർക്കാർ ഉത്തരവായപ്പോൾ മദ്യപൻമാർക്ക് പുതുവൽസര രാത്രിയിൽ മതിയാവോളം ലഹരി നുരയാനുള്ള അവസരമായി. ഏത് ബാറും ബീയർ പാർലറുകളും സഞ്ചാരികളെ സ്വാഗതം ചെയ്ത് പൂട്ടാതിരിക്കുമെന്ന ഉത്തരവ് ലഹരി നുരയാൻ കൂടുതൽ അവസരം നൽകുന്ന മട്ടിൽ സർക്കാരിന്റെ മദ്യനയ നിലപാടിന് തെളിവെന്നാണ് വിമർശനം. പതിവിൽ നിന്ന് വ്യത്യസ്തമായി പുതുവൽസര രാത്രിയിൽ പന്ത്രണ്ട് മണി വരെ ബാറുകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയിൽ എക്സൈസ് മന്ത്രിയുടെ ഉത്തരവ് നടപ്പാക്കാൻ എടുത്തത് നാല് ദിവസത്തെ സമയം മാത്രം.
മദ്യവർജനമാണ് സർക്കാർ നയമെന്ന ഈ പരസ്യത്തിന് എന്തുകൊണ്ടും കരുത്ത് നൽകുന്ന തീരുമാനം. കേട്ട് കേൾവിയില്ലാത്ത ഉത്തരവെന്ന വിമർശനം ഒരു ഭാഗത്ത് തുടരുമ്പോഴും ഇന്ന് രാത്രി പന്ത്രണ്ട് മണി വരെ മുഴുവൻ ബാറുകളിലും ആവശ്യക്കാർക്ക് മദ്യം വിളമ്പും. നാല് ദിവസം മുൻപ് ബാറുടമകളിൽ ഒരു വിഭാഗം എക്സൈസ് വകുപ്പിന് നൽകിയ അപേക്ഷയിൽ സർക്കാരിന് ഉത്തരവിറക്കാൻ വേണ്ടി വന്നത് മണിക്കൂറുകൾ മാത്രം.
കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ നികുതി വകുപ്പിൽ നിന്നും പച്ചക്കൊടി. വർഷാവർഷം മദ്യനയം പുതുക്കേണ്ടതില്ലെന്ന പക്ഷക്കാരനായ എക്സൈസ് മന്ത്രി വരും നാളുകളിലെ മദ്യവിതരണം എത്ര ലളിതമായിരിക്കുമെന്നതിൻ്റെ സൂചന നൽകുകയാണ്. പുതുവൽസര തലേന്നുള്ള ഉത്തരവ് വരും നാളുകളിൽ ഉൽസവ സീസണുകളിൽ പതിവായി മാറുമെന്ന വിമർശനമുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടെ 22 പുതിയ ബാറുകൾക്ക് കൂടി സംസ്ഥാനത്ത് അനുമതി നൽകിയ എക്സൈസ് വകുപ്പ് രണ്ട് എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാകുമ്പോൾ ആകെ ബാറുകളുടെ എണ്ണം രണ്ടായിരത്തിനോടടുത്ത് എത്തിക്കാനാണ് ശ്രമമെന്നാണ് മദ്യനിരോധന ആവശ്യം ഉന്നയിക്കുന്നവരുടെ ആക്ഷേപം.