പാക്കിസ്ഥാന്‍ വ്യോമ പ്രതിരോധ സംവിധാനം, ഫയല്‍ ചിത്രം.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ പകച്ച പാക്കിസ്ഥാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുന്നു. പാക്ക് അധിനിവേശ കശ്മീരില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് പാക്ക് സൈന്യം. റാവല്‍കോട്ട്, കോട്‍ലി, ഭീംബര്‍ സെക്ടറുകളിലാണ് ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളൊരുക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ രണ്ടാം പതിപ്പ് ഉണ്ടാകുമെന്ന പാക്ക് സൈന്യത്തിന്‍റെ ആശങ്കയ്ക്കിടയിലാണ് നടപടി.
30 ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ഒരുക്കിയെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. മുറൈ ആസ്ഥാനമായുള്ള 12 ഇൻഫൻട്രി ഡിവിഷനും 23 ഇൻഫൻട്രി ഡിവിഷനും ചേര്‍ന്നാണ് വ്യോമപ്രതിരോധം ശക്തമാക്കിയത്. പാക്ക് അധിന കശ്മീരിലെ വ്യോമപ്രതിരോധവും ഇലക്ട്രോണിക് യുദ്ധശേഷിയും വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റാവല്‍കോട്ടിലെ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തനം, പൂഞ്ച് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് എതിരെയുള്ള ഭാഗങ്ങളുടെ ചുമതല വഹിക്കുന്ന സെക്കന്‍ഡ് ആസാദ് ബ്രിഗേഡിനാണ്. കോട്‍ലി സെക്ടറില്‍ തേഡ് ആസാദ് കാശ്മീര്‍ ബ്രിഗേഡാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ രജൗറി, പൂഞ്ച്, നൗഷേറ സെക്ടറുകളുടെ എതിരെയുള്ള ഭാഗങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം. ഭീംബര്‍ സെക്ടറില്‍ സെവന്‍ത്ത് ആസാദ് കശ്മീര്‍ ബ്രിഗേഡും പ്രവര്‍ത്തിക്കും.
സ്പൈഡര്‍, സഫ്ര എന്നി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളാണ് വിന്യസിച്ചിട്ടുള്ളത്. പാസിവ് റേഡിയോ ഫ്രീക്വൻസി ഡിറ്റക്ഷൻ, ഡയറക്ഷൻ ഫൈൻഡിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് സ്പൈഡര്‍ പ്രവർത്തിക്കുന്നത്. ചെറിയ ലോയിറ്ററിങ് മ്യൂണിഷനുകളെയും വലിയ ഡ്രോണുകളെയും 10 കിലോമീറ്റർ ദൂരെ വെച്ച് തന്നെ കണ്ടെത്താൻ സ്പൈഡറിന് സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഇതോടൊപ്പം വിന്യസിച്ച സഫ്ര ആന്‍റി യുഎവി ജാമിങ് ഗണ്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്. തോളില്‍ വച്ച് ഉപയോഗിക്കാവുന്ന ഇവയുടെ ദൂരപരിധി 1.50 കിലോമീറ്റര്‍ വരെയാണ്.