Image Credit: Internet

2026 ലേക്ക് ഇനി ദിവസങ്ങളുടെ ദൂരം മാത്രമേയുള്ളൂ. പുതുവര്‍ഷം പടിവാതിക്കല്‍ എത്തി നില്‍‌ക്കേ പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ബാബാ വാംഗയുടെ പ്രവചനങ്ങള്‍. അടുത്തവര്‍ഷം അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുമെന്നാണ് ഇതില്‍ ഏറെ ശ്രദ്ധേയമായ ഒന്ന്! 2026 നവംബറിൽ ‘വലിയ ബഹിരാകാശ പേടകം’ ഭൂമിയിലെത്തുകയും ആദ്യമായി മനുഷ്യരും അന്യഗ്രഹ ജീവികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഉണ്ടാകുകയും ചെയ്യുമെന്നാണ് വാംഗ പ്രവചിച്ചതായി അവരുടെ അനുയായികള്‍ അവകാശപ്പെടുന്നത്.

ദിവസങ്ങൾക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ‘പ്രവചന വിപണി’യായ (Prediction market) പോളിമാർക്കറ്റ് ഈ വര്‍‌ഷം തന്നെ അന്യഗ്രഹജീവികളുടെ നിലനിൽപ്പ് ഔദ്യോഗികമായി അംഗീകരിക്കപ്പെടാൻ 12 ശതമാനം സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. അന്യഗ്രഹജീവികളെയും യുഎഫ്ഒകളെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിവരം ലഭിച്ചിട്ടുണ്ടെന്നും, ഈ വർഷം അവസാനത്തോടെ ഇത് പരസ്യപ്പെടുത്തുമെന്നുമാണ് പോളിമാർക്കറ്റ് പറയുന്നത്. പിന്നാലെ ആളുകള്‍ വാംഗയുടെ പ്രവചനവുമായി കൂട്ടിച്ചേര്‍ത്ത് ഇതിനെ വായിക്കാന്‍ തുടങ്ങുകയും പ്രവചനം ശ്രദ്ധയാകര്‍ഷിക്കുകയുമായിരുന്നു.

സമാനമായ പ്രവചനം 2025 ലേക്കും വാംഗ നടത്തിയിരുന്നു. അതനുസരിച്ച് അന്യഗ്രഹജീവികൾ ഭൂമിയിലെത്തുകയും മനുഷ്യന്‍ അവരെ നേരിടുകയും ചെയ്യും. 2025 ജൂലൈ 1 ന് ചിലിയിലെ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) ദൂരദർശിനി ഇന്റർസ്റ്റെല്ലാർ വസ്തുവായ 3I/ATLAS കണ്ടെത്തിയതും ഈ പ്രവചനങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. സൗരയൂഥത്തിന് പുറത്താണ് ഉത്ഭവിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ട ഈ വസ്തു അന്യഗ്രഹ ജീവികളുടെ പേടകമാണെന്ന് പോലും പറഞ്ഞവരുണ്ട്. ഇതിനെ ബാബയുടെ പ്രവചനവുമായി ബന്ധിപ്പിച്ചായിരുന്നു സംസാരം. എന്നാല്‍ നാസ, ഇഎഎസ്എ എന്നിനെയുള്ള ബഹിരാകാശ ഏജന്‍സികളെല്ലാം ഈ അവകാശവാദങ്ങള്‍ തള്ളികളഞ്ഞിരുന്നു.

2026; വാംഗയുടെ മറ്റ് പ്രവചനങ്ങള്‍

നിലവിലെ സംഘർഷങ്ങളിൽ നിന്ന് ഭൂമിയില്‍ ഒരു ആഗോള യുദ്ധമുണ്ടാകുമെന്നാണ് വാംഗയുടെ മറ്റൊരു പ്രവചനം. പാശ്ചാത്യ ലോകങ്ങള്‍ തകരുമെന്നും റഷ്യന്‍ പ്രസിഡന്‍റ് പുട്ടിന് ഉയര്‍ച്ചയുണ്ടാകുമെന്നും പ്രവചനമുണ്ട്. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ ഇവയെല്ലാം 2026 ല്‍ ഉണ്ടാകുമെന്നും ഭൂമിയുടെ കരഭാഗത്തിന്റെ ഏഴ് മുതൽ എട്ട് ശതമാനം വരെ ഈ പ്രകൃതിദുരന്തങ്ങളാല്‍ ബാധിക്കപ്പെടുമെന്നും പ്രവചനമുണ്ട്.

ആരാണ് ബാബാ വാംഗ?

വാംഗേലിയ പാണ്ഡേവ ഗുഷ്‌തെരോവ എന്നാണ് ബാബാ വാംഗയുടെ യഥാർഥ പേര്. അന്ധയായ ബൾഗേരിയൻ സന്യാസിനിയായിരുന്നു ഇവർ. 1911 ജനുവരി 31ന് അന്നത്തെ ഒട്ടോമൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന, ഇന്നത്തെ മാസഡോണിയയിലായിരുന്നു ബാബാ വാംഗയുടെ ജനനം. പന്ത്രണ്ടാമത്തെ വയസ്സിൽ ഒരു ചുഴലിക്കാറ്റിലകപ്പെട്ട് കാഴ്ചശക്തി നഷ്ടപ്പെട്ടതിന് ശേഷമാണ് ബാബാ വാംഗയുടെ കഥകള്‍ തുടങ്ങുന്നത്. അന്ധയായ വാംഗ പിന്നീട് പ്രവചനം ആരംഭിച്ചു. 1996 ഓഗസ്റ്റ് 11ന് സ്തനാർബുദം ബാധിച്ചായിരുന്നു വാംഗയുടെ മരണം. 

വാംഗയുടെ മരണ ശേഷവും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലാണ് എന്നുള്ളതാണ് കൗതുകകരമായ കാര്യം. വാംഗ പലപ്പോഴായി പ്രവചിച്ച കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നതായിട്ടാണ് അനുയായികൾ പറയുന്നത്. 51 ാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ട് എന്നാണ് അവർ അവകാശപ്പെടുന്നത്. വാംഗയുടെ പ്രവചനങ്ങൾ സത്യമാണോ അല്ലയോ എന്ന ചർച്ചകൾ ഇന്നും നടക്കുന്നുണ്ട് എങ്കിൽ പോലും എല്ലാ വർഷാവസാനവും ഇവരുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രവചനങ്ങൾ ഇന്റർനെറ്റിൽ ട്രെൻിഡിങ്ങായി മാറാറുണ്ട്. 

സോവിയറ്റ് യൂണിയന്‍റെ പതനം, ചെർണോബിൽ ദുരന്തം, ജോസഫ് സ്റ്റാലിന്‍റെ അന്ത്യം, സെപ്റ്റംബർ 11 ആക്രമണം, ഒബാമയുടെ തിരഞ്ഞെടുപ്പ് വിജയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ചിരുന്നതായി അവരുടെ അനുയായികൾ അവകാശപ്പെടുന്നുണ്ട്. അതേസമയം ഇതെല്ലാം അടിസ്ഥാനമില്ലാത്ത കെട്ടുകഥകളാണെന്ന് പറയുന്നവരും ഉണ്ട്. യാഥാർഥത്തിൽ വാംഗയുടെ പേരിൽ, അവരുടെ പ്രവചനങ്ങളായി പ്രചരിക്കുന്ന മിക്കവയും വ്യാജമാണെന്നാണ് പൊതുവേ കരുതുന്നത്.

ENGLISH SUMMARY:

As 2026 approaches, Baba Vanga's predictions are viral on social media. Followers claim she foresaw a massive spacecraft landing on Earth in November 2026, marking the first human-alien encounter. Other predictions include a devastating global war, the decline of Western powers, and significant natural disasters affecting 8% of the Earth. Learn more about the mystic who allegedly predicted 9/11 and the fall of the Soviet Union.