india-bangladesh-2

ബംഗ്ലദേശില്‍ ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയതില്‍ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ. സുരക്ഷാ കാരണങ്ങളാല്‍ ചിറ്റഗോങ്ങിലെ വിസാ സേവനകേന്ദ്രം താല്‍ക്കാലികമായി അടച്ചു. ഡല്‍ഹിയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷനു നേരെ ആക്രമണമുണ്ടായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബംഗ്ലദേശിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില്‍ കടുത്ത ആശങ്ക അറിയിച്ചു. ഹിന്ദു യുവാവിന്‍റെ കൊലപാതകത്തില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷന് നേരെ ആക്രമണം നടന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഹിന്ദു യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ഏതാനും പേര്‍ സംഘടിച്ചെത്തി മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തത്. അവരെ ഉടന്‍തന്നെ സുരക്ഷാസേന നീക്കം ചെയ്തു. 

രാജ്യത്തെ നയതന്ത്രകാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി,. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അസിസ്റ്റന്‍റ് ഹൈക്കമ്മിഷന്‍ ഓഫിസിനു നേരെ ആക്രമണ ശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് ചിറ്റഗോങ്ങിലെ വിസാ സേവനകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയത്. സുരക്ഷ വിലയിരുത്തിയ ശേഷമെ കേന്ദ്രം തുറക്കുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

India has expressed grave concern over the mob lynching of a Hindu youth in Bangladesh. The Ministry of External Affairs said it is closely monitoring the situation, especially incidents targeting minorities. Visa services at the Chittagong centre have been temporarily suspended due to security concerns. India has demanded strict legal action against those responsible for the killing. The ministry dismissed reports of an attack on the Bangladesh High Commission in Delhi as baseless. Authorities said normal services will resume only after a detailed security review.