Image Credit: X
കോള്‍ഡ് പ്ലേ സംഗീത നിശയ്ക്കിടെ അടുത്തിടപഴകിയത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത വിവാദത്തില്‍ ഒടുവില്‍ പ്രതികരിച്ച് അസ്ട്രോണമര്‍ കമ്പനിയുടെ മുന്‍ എച്ച്ആര്‍ എക്സിക്യുട്ടീവ് ക്രിസ്റ്റിന്‍ കബോട്ട്. തന്‍റെ ജീവിതത്തിലെ മോശം തീരുമാനമായിരുന്നു അതെന്നും കരിയറാണ് തനിക്ക് വിലയായി നല്‍കേണ്ടി വന്നതെന്നും ക്രിസ്റ്റിന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ജൂലൈയില്‍ നടന്ന കോള്‍ഡ് പ്ലേ സംഗീത നിശയ്ക്കിടയൊണ് ബോസായ അസ്ട്രോണമര്‍ സിഇഒ ആന്‍ഡി ബ്രയനുമായി ക്രിസ്റ്റിന്‍ അടുത്തിടപഴകുന്നത് ക്യാമറയില്‍ പതിഞ്ഞത്. ആന്‍ഡി, ക്രിസ്റ്റിനെ തന്നോട് ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ദൃശ്യങ്ങളാണ് കിസ് ക്യാമില്‍പതിഞ്ഞത്. ക്യാമറക്കണ്ണില്‍ പതിഞ്ഞ് ബിഗ് സ്ക്രീനില്‍ ഇരുവരുടെയും മുഖം കാണിച്ചതോടെ ഞെട്ടിത്തരിച്ച് ഇരുവരും രണ്ട് വശത്തേക്ക് മാറി. വിഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയും വലിയ ചര്‍ച്ചയാകുകയും ചെയ്തു. വിവാദമായതോടെ ക്രിസ്റ്റിന്‍ രാജി വയ്ക്കുകയും കുടുംബബന്ധം തകരുകയും ചെയ്തു.
'അന്ന് മദ്യപിക്കുകയും ഡാന്‍സ് കളിക്കുകയും എന്‍റെ ബോസിനൊപ്പം അരുതാത്ത ചില സാഹചര്യങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്‍റെ മോശം തീരുമാനമായിരുന്നു അത്. അതില്‍ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുകയാണ്. എന്‍റെ കരിയര്‍ ഞാന്‍ ഉപേക്ഷിച്ചു. അതാണ് ഞാന്‍ നല്‍കേണ്ടി വന്ന വില'- ക്രിസ്റ്റിന്‍ വിശദീകരിച്ചു. ആന്‍ഡിയോട് തനിക്ക് അസാധാരണമായൊരു അടുപ്പമുണ്ടായിരുന്നുവെന്ന് ക്രിസ്റ്റിന്‍ തുറന്ന് പറയുന്നു. 'അന്നാണ് ആദ്യമായും അവസാനമായും ഞങ്ങള്‍ ചുംബിച്ചത്'–ക്രിസ്റ്റിന്‍ വെളിപ്പെടുത്തി.
രണ്ട് മക്കളുടെ അമ്മയായ ക്രിസ്റ്റിനും ആന്‍ഡിയും അക്കാലത്ത് പങ്കാളികളില്‍ നിന്ന് പിരിഞ്ഞ് കഴിയുകയായിരുന്നു. സംഭവം വൈറലായതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് ക്രിസ്റ്റിന് നേരിടേണ്ടി വന്നത്. വധഭീഷണിയും സൈബര്‍ ബുള്ളിയിങും നേരിടേണ്ടി വന്നു. കുടുംബം തകര്‍ത്തവളെന്നും പണത്തിനും സ്ഥാനക്കയറ്റത്തിനും വേണ്ടി എന്തും ചെയ്യുന്നവളെന്നുമെല്ലാം ആളുകള്‍ അധിക്ഷേപിച്ചെന്നും ക്രിസ്റ്റിന്‍ പറയുന്നു. 'തനിക്കൊരാളുമായി പ്രണയബന്ധമുണ്ടെങ്കില്‍ തന്നെ അതില്‍ മറ്റാര്‍ക്കും ഇടപെടാന്‍ അവകാശമില്ല. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. അതുവരെയുള്ള എന്‍റെ കരിയര്‍, ജീവിതം, എല്ലാം ഈ ഒരൊറ്റ സംഭവത്തില്‍ റദ്ദ് ചെയ്യപ്പെട്ടു. അങ്ങനെ ആര്‍ക്കും സംഭവിച്ചുകൂടാ, അത് ശരിയല്ല'- ക്രിസ്റ്റിന്‍ നിലപാട് വ്യക്തമാക്കുന്നു.
വിവാദങ്ങളെ തുടര്‍ന്ന് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. എച്ച്ആറുമാരില്‍ ഏറ്റവും വൃത്തികെട്ടവളെന്ന ലേബലാണ് ചാര്‍ത്തിക്കിട്ടിയത്. നല്ല വസ്ത്രമണിഞ്ഞ് ഒന്ന് പുറത്ത് പോകണമെന്നും സംഗീതമാസ്വദിക്കണമെന്നുമെല്ലാം എനിക്കുണ്ടായിരുന്നു. പക്ഷേ ഒന്നും സാധിച്ചില്ലെന്നും ക്രിസ്റ്റിന്‍ പറയുന്നു. ' ലക്ഷണക്കണക്കിന് ആളുകളാണ് അന്നവിടെ ഏകദേശമുണ്ടായിരുന്നത്. സ്റ്റേജിന് എതിര്‍വശത്തായി ഒരുവശത്താണ് ഇരുന്നത്. പരിചയമുള്ളവരായി ഒരാള്‍ പോലും അക്കൂട്ടത്തില്‍ അടുത്തുണ്ടായിരുന്നില്ല. പാട്ട് കേട്ട് ഡാന്‍സ് ചെയ്യുകയായിരുന്നു. ആന്‍ഡി എന്‍റെ പിന്നിലായിരുന്നു. ലേശം ഞാന്‍ മദ്യപിച്ചിട്ടുമുണ്ടായിരുന്നു. ഞാന്‍ ആന്‍ഡിയെ ചേര്‍ത്ത് പിടിച്ചിരുന്നു'- ക്രിസ്റ്റിന്‍ താന്‍ ലോകത്തിന്‍റെ 'നെറുകയില്‍' എത്തിയ ആ ദിവസത്തെ കുറിച്ച് ഓര്‍ത്തെടുത്തു.
തനിക്ക് സംഭവിച്ചത് ഒരിക്കല്‍ തന്‍റെ മക്കളും അറിയുമെന്നും, പിഴവുകള്‍ ആര്‍ക്കും സംഭവിക്കാമെന്നും ഒരിക്കല്‍ സംഭവിച്ച തെറ്റിന്‍റെ പേരില്‍ ജീവിതം തീര്‍ന്ന് പോകില്ലെന്ന് അവര്‍ മനസിലാക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ക്രിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. എപ്പോഴെങ്കിലും സംഭവിക്കുന്ന തെറ്റുകളല്ല,വ്യക്തിയുടെ ആകെത്തുകയെ നിര്‍ണയിക്കുന്നതെന്നും തെറ്റ് മനുഷ്യസഹജമാണെന്നും അവര്‍ വ്യക്തമാക്കി.