Image Credit: youtube.com/@Herat-Mic
നെറ്റ്ഫ്ലിക്സിലെ ഹിറ്റ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വസ്ത്രങ്ങൾ ധരിച്ച നാല് യുവാക്കളെ കസ്റ്റഡിയിലെടുത്ത് റിഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് മാറ്റി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് പീക്കി ബ്ലൈന്‍ഡേഴ്സ് സീരീസില്‍ നിന്നുള്ള ട്രഞ്ച് കോട്ടുകൾ, തൊപ്പികൾ, സ്യൂട്ടുകൾ എന്നിവ ധരിച്ചവര്‍ക്കെതിരെയാണ് വിദേശ സംസ്കാരം പ്രോത്സാഹിപ്പിച്ചതിന് കേസെടുത്തിരിക്കുന്നത്. അതേസമയം ഇവരെ റിഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് മാറ്റിയിട്ടില്ലെന്നും മറിച്ച് ഉപദേശിച്ച് തിരിച്ചയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അസ്ഗർ ഹുസിനായി, ജലീൽ യാക്കൂബി, അഷോർ അക്ബരി, ദൗദ് റാസ എന്നിവര്‍ക്കെതിരെയാണ് നടപടി. ജിബ്രയിൽ ടൗൺഷിപ്പിലെ തെരുവുകളിലൂടെ ഇവര്‍ ‘പീക്കി ബ്ലൈൻഡേഴ്സ്’ ഔട്ട്ഫിറ്റ് ധരിച്ച് നടക്കുന്നതിന്‍റെ വിഡിയോകളും ഫോട്ടോകളും ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സിനിമാ നടന്മാരെ അനുകരിച്ചതിനും അഫ്ഗാനിസ്ഥാന്‍റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ജീവിത ശൈലികൾ പ്രോല്‍സാഹിപ്പിച്ചതിനുമാണ് നടപടിയെന്നാണ് താലിബാന്‍ വക്താവ് സൈഫുൾ ഇസ്‌ലാം ഖൈബർ പറഞ്ഞത്. താലിബാൻ ഉദ്യോഗസ്ഥർ അവരെ വിളിച്ചുവരുത്തി, പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി വിട്ടയച്ചതായി ഖൈബർ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
‘ഞങ്ങൾക്ക് ഞങ്ങളുടേതായ മതപരവും സാംസ്കാരികവുമായ മൂല്യങ്ങളുണ്ട്, പ്രത്യേകിച്ച് വസ്ത്രധാരണത്തിന്, അതിന് പരമ്പരാഗത രീതികളുണ്ട്. ഞങ്ങൾ മുസ്‌ലീങ്ങളും അഫ്ഗാനികളുമാണ്. നിരവധി ത്യാഗങ്ങളിലൂടെ, ദോഷകരമായ മറ്റ് സംസ്കാരങ്ങളുടെ വ്യാപനത്തിൽ നിന്ന് ഞങ്ങൾ ഈ രാജ്യത്തെ സംരക്ഷിക്കുകയും പ്രതിരോധിച്ചുംകൊണ്ടിരിക്കുകയാണ്’ ഖൈബർ പറഞ്ഞു. ‘അവർ ധരിച്ചിരുന്ന വസ്ത്രം അഫ്ഗാനിസ്ഥാന്‍റേത് അല്ല, ഞങ്ങളുടെ സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ല. രണ്ടാമതായി, അവരുടെ പ്രവൃത്തികൾ ഒരു ബ്രിട്ടീഷ് സിനിമയിലെ അഭിനേതാക്കളുടെ അനുകരണമായിരുന്നു. ഞങ്ങള്‍ ആരെയെങ്കിലും പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നല്ലതും മതപരമായ മുൻഗാമികളെയായിരിക്കും’ അദ്ദേഹം പറഞ്ഞു. പാശ്ചാത്യമോ, ആധുനികമോ, ദൃശ്യ മാധ്യമങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ ആയ എന്തും അനുചിതമോ ഇസ്‌ലാമിക വിരുദ്ധമോ ആയാണ് താലിബാന്‍ കരുതുന്നത്.
അതേസമയം, ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവരുത്തി ഉപദേശിച്ചതായും ഇന്നുമുതൽ അത്തരം ‘പാപകരമായ’ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഒരു പ്രാദേശിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത അഭിമുഖത്തിൽ കസ്റ്റഡിയിലായ യുവാക്കള്‍ പറയുന്നുണ്ട്. സീരീസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പരീക്ഷണമായിരുന്നു തങ്ങളുടെ വസ്ത്രധാരണമെന്നും അവര്‍ പറഞ്ഞു. ‘ആദ്യം ഞങ്ങൾക്ക് മടിയായിരുന്നു, പക്ഷേ പുറത്തിറങ്ങിയപ്പോൾ ആളുകൾക്ക് ഞങ്ങളുടെ ഔട്ട്ഫിറ്റ് ഇഷ്ടപ്പെട്ടു, ഞങ്ങളോടൊപ്പം ഫോട്ടോ എടുക്കാൻ തുടങ്ങി’ യുവാക്കളില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ വസ്ത്രങ്ങളോടുള്ള താൽപ്പര്യം പാശ്ചാത്യ ശൈലികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ലെന്ന് മറ്റൊരു യുവാവും വ്യക്തമാക്കി. തങ്ങള്‍ ഇനി അഫ്ഗാനിസ്ഥാന്‍റെ പരമ്പരാഗത വസ്ത്രങ്ങൾ പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതിയിടുന്നതായും യുവാക്കള്‍ പറഞ്ഞു.
പീക്കി ബ്ലൈന്‍ഡേഴ്സ്
2013ലാണ് നെറ്റ്ഫ്ലിക്സിലൂടെ പീക്കി ബ്ലൈന്‍ഡേഴ്സിന്‍റെ ആദ്യ സീസണ്‍ പ്രദര്‍ശനത്തിനെത്തുന്നത്. ടോം ഹാര്‍പ്പറായിരുന്നു സംവിധാനം. ആറ് സീസണോടുകൂടി 2022ല്‍ സീരിസ് അവസാനിക്കുകയും ചെയ്തു. പുതിയ തലമുറയടക്കം ഏറ്റെടുത്ത സീരിസ് പിന്നീടൊരു കൾട് ക്ലാസിക് ആയി മാറുകയായിരുന്നു. സീരീസിലെ തോമസ് ഷെൽബിയുടെ സ്വാഗും ലുക്കും ആരാധകര്‍ അനുകരിക്കാറുണ്ട്. സീരീസിന് പിന്നാലെ ഈമാസം ആദ്യം കിലിയൻ മർഫി നായകനാകുന്ന ‘പീക്കി ബ്ലൈൻഡേഴ്സ്’ സിനിമയുടെ ടൈറ്റിലും റിലീസ് തിയതിയും പ്രഖ്യാപിച്ചിരുന്നു. ‘പീക്കി ബ്ലൈൻഡേഴ്സ്: ദ് ഇമ്മോർട്ടൽ മാൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം മാർച്ച് ആറിന് തിയറ്റർ റിലീസ് ആയി എത്തും.