Image Credit: Handout/ GoP
യു.കെയില്‍ നിന്നും പാക്കിസ്ഥാന്‍ വംശജരായ ലൈംഗിക കുറ്റവാളികളെ തിരിച്ചെടുക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദ്ദേശം പാക്കിസ്ഥാന്‍ യു.കെയ്ക്ക് കൈമാറി. പകരമായി പാക്ക് സര്‍ക്കാറിന് എതിരെ നില്‍ക്കുന്ന വിമതരെ വിട്ടുകിട്ടണമെന്നാണ് ആവശ്യം. യു.കെ ആസ്ഥാനമായുള്ള സ്വതന്ത്ര വാര്‍ത്ത പോര്‍ട്ടലായ ഡ്രോപ്പ് സൈറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാന്‍ ഗ്രൂമിങ് ഗ്യാങ് അംഗങ്ങളായ ഖാരി അബ്ദുൾ റൗഫ്, ആദിൽ ഖാൻ എന്നിവരെ തിരിച്ചെടുക്കാനാണ് പാക്കിസ്ഥാന്‍ തയ്യാറായത്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗികാതിക്രമം നടത്തുന്ന പാക്കിസ്ഥാനികളുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഇവര്‍. ഇതിന് പകരമായി മേജർ ജനറൽ അസിം മുനീറിന് എതിരെ നില്‍ക്കുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹായി, ഷെഹ്‌സാദ് അക്ബറിനെയും മുന്‍ സൈനിക ഓഫീസറും വിസിൽബ്ലോവറുമായ ആദിൽ എന്നയാളെയുമാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നത്. അസിം മുനീറിന്‍റെ നേതൃത്വത്തിലുള്ള സൈന്യത്തിന്‍റെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെയും വിമര്‍ശകരായ ഇരുവരും 2022 മുതല്‍ യുകെയിലാണ് കഴിയുന്നത്.
യുകെയിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള സംഘമാണ് പാക്ക് വംശജരുെട നേതൃത്വത്തിലുള്ള ഗ്രൂമിംഗ് ഗ്യാങ്. പെണ്‍കുട്ടികളുമായി ബന്ധത്തിലാവുകയും കൂട്ടബലാത്സംഗം ചെയ്യുന്നതുമാണ് ഇവരുടെ രീതി. ഈ പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും സംഘങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുകയും ചെയ്യും. ഒരു രാത്രിയിൽ പെൺകുട്ടിയെ 30 മുതൽ 40 വരെ പുരുഷന്മാർ ലൈംഗികമായി ആക്രമിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഈയിടെ പാക്ക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും യുകെ ഹൈക്കമ്മീഷണറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ വാര്‍ത്ത വരുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ വിദേശത്ത് പ്രചരിച്ചതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടികള്‍.