പ്രതീക്താത്മക ചിത്രം

താന്‍ ചികില്‍സിച്ച 38 രോഗികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് മുൻ ഡോക്ടർക്കെതിരെ കേസ്. ബർമിങ്ഹാമിലെ ക്വിന്റണിൽ നിന്നുള്ള 38 കാരമായ നഥാനിയേൽ സ്പെൻസറിനെതിരെയാണ് 15 ലൈംഗികാതിക്രമ കേസുകളും 17 പീഡനക്കേസുകളും 13 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 9 കേസുകളും ചുമത്തിയത്.

2017 നും 2021 നും ഇടയിൽ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ഡഡ്‌ലിയിലെ റസ്സൽസ് ഹാൾ ആശുപത്രിയിലുമായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ ചികില്‍സയ്ക്കായെത്തിയ 38 രോഗികളാണ് അതിക്രമങ്ങള്‍ക്കിരയായതെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറഞ്ഞു. ജൂനിയർ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഇയാള്‍ മുന്‍ റസിഡന്റ് ഡോക്ടറായിരുന്നു. 

2017 ഓഗസ്റ്റ് മുതൽ 2020 ഓഗസ്റ്റ് വരെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് നോർത്ത് മിഡ്‌ലാൻഡ്‌സിന്‍റെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും പിന്നീട് 2020 മുതൽ 2021 വരെ ദി ഡഡ്‌ലി ഗ്രൂപ്പ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള റസ്സൽസ് ഹാൾ ആശുപത്രിയിലും ജോലി ചെയ്തിരുന്നു. രണ്ട് ആശുപത്രികളും ഇരകളായവര്‍ക്കായി പ്രത്യേക ഹെൽപ്പ് ലൈനുകൾ സജ്ജീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ജനുവരി 20ന് പ്രതിയെ നോർത്ത് സ്റ്റാഫോർഡ്ഷെയർ ജസ്റ്റിസ് സെന്ററിൽ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.