ബ്രസീലില്‍ വര്‍ക്കൗട്ടിനിടെ ബാർബെൽ കൈകളിൽ നിന്ന് വഴുതി നെഞ്ചിലേക്ക് വീണ് 55 കാരന്‍ മരിച്ചു. ഡിസംബർ 1 ന് ഒലിന്‍ഡയിലെ ആർഡബ്ല്യു അക്കാദമിയ എന്ന ജിംനേഷ്യത്തിലാണ് ദാരുണമായ അപകടമുണ്ടായത്. അമച്വർ വെയ്റ്റ് ലിഫ്റ്ററും മ്യൂസിയം പ്രസിഡന്റുമായ റൊണാൾഡ് മോണ്ടിനെഗ്രോയാണ് മരിച്ചത്.
റൊണാൾഡ് മോണ്ടിനെഗ്രോ പതിവ് വ്യായാമത്തിനായാണ് അന്നും ജിമ്മില്‍ എത്തിയത്. എന്നാല്‍ ബെഞ്ച് പ്രസ് ചെയ്യുന്നതിനിടെ ഭാരമേറിയ ബാർബെൽ കൈകളിൽ നിന്ന് വഴുതി നെഞ്ചിലേക്ക് വീഴുകയായിരുന്നു. ജിമ്മിലുണ്ടായിരുന്ന ആളുകൾ സഹായിക്കാൻ ഓടിയെത്തിയപ്പോളേക്കും ബാർബെൽ മാറ്റി റൊണാൾഡ് എഴുന്നേറ്റിരുന്നു. എന്നാല്‍ നിമിഷങ്ങൾക്കകം അദ്ദേഹം കുഴഞ്ഞുവീണു. ഉടന്‍ പരിശീലകനും മറ്റുള്ളവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലാസിയോ ഡോസ് ബോണെക്കോസ് ഗിഗാന്റസ് എന്ന മ്യൂസിയത്തിന്‍റെ പ്രസിഡന്‍റ് കൂടിയാണ് മരിച്ച റൊണാൾഡ് മോണ്ടിനെഗ്രോ. നഗരത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ മുന്നില്‍ നിന്ന് അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് മ്യൂസിയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. സമർപ്പിതനായ നേതാവും കലാകാരനും പാരമ്പര്യങ്ങളുടെ കാവല്‍ക്കാരനുമായിരുന്നു അദ്ദേഹമെന്ന് മ്യൂസിയത്തിന്‍റെ അനുശോചനക്കുറിപ്പില്‍ പറയുന്നു.
റൊണാൾഡിന്‍റെ മരണത്തില്‍ ജിംനേഷ്യവും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ സഹായങ്ങളും ഉടനടി നല്‍കിയെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് ഒടുവിലെത്തിയതെന്നും ജിംനേഷ്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ കഠിനമായ സമയത്തെ അതിജീവിക്കാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ശക്തിയുണ്ടാകട്ടെ എന്നും പ്രസ്താവനയില്‍ കുറിച്ചു.