Image: X/Shivon Zilis

TOPICS COVERED

തന്‍റെ ജീവിതപങ്കാളി ഷിവോണ്‍ ജിലിസ് പകുതി ഇന്ത്യക്കാരിയാണെന്നും മക്കളിലൊരാളുടെ മിഡില്‍ നെയിം ശേഖര്‍ എന്നാണെന്നും വെളിപ്പെടുത്തി ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കവെയാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. മസ്കിന് ഷിവോണില്‍ നാലുമക്കളുണ്ട്.

‘നിങ്ങള്‍ക്കറിയാമോ എന്ന് എനിക്കറിയില്ല, പക്ഷേ പങ്കാളിയായ ഷിവോൺ പകുതി ഇന്ത്യക്കാരിയാണ്. അവൾ കാനഡയിലാണ് വളർന്നതെങ്കിലും കുഞ്ഞായിരിക്കുമ്പോൾ ദത്തെടുക്കാൻ വിട്ടുകൊടുത്തതാണ്. കൃത്യമായ വിശദാംശങ്ങൾ എനിക്കറിയില്ല’ മസ്ക് പോ‍ഡ്കാസ്റ്റില്‍ പറഞ്ഞു. ഷിവോണുമായുള്ള ബന്ധത്തിലെ കുട്ടികളിലൊരാളുടെ പേരിലാണ് ശേഖര്‍ ഉള്ളതെന്നും മസ്ക് പറഞ്ഞു. ഇന്ത്യൻ- അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറിന്റെ പേരില്‍ നിന്നാണ് മകന് ശേഖര്‍ എന്ന മിഡില്‍ നെയിം നല്‍കിയതെന്നും മസ്ക് പറയുന്നു. 

ആരാണ് ഷിവോണ്‍ ജിലിസ്?

2017ലാണ് മസ്കിന്റെ എഐ കമ്പനിയായ ന്യൂറലിങ്കിൽ ഷിവോണ്‍ ജിലിസ് ജോലി ആരംഭിക്കുന്നത്. നിലവിൽ ഓപ്പറേഷൻസ് ആൻഡ് സ്പെഷൽ പ്രോജക്ട്സ് ഡയറക്ടറാണ് ഷിവോണ്‍. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ബിരുദം നേടിയ ഷിവോണിന് മസ്കില്‍ നിന്നും നാലുമക്കളുണ്ട്. 2021 ൽ ഇരട്ടക്കുട്ടികളും 2024 ല്‍ മകളും ഒരു വർഷത്തിനുശേഷം മറ്റൊരു കുഞ്ഞിനെയും ഇരുവരും സ്വാഗതം ചെയ്തിരുന്നു.

ആദ്യ ഭാര്യയായ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളും കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളും മസ്കിനുണ്ട്. ജസ്റ്റിൻ വിൽസണിൽ ജനിച്ച മസ്കിന്‍റെ ആദ്യ കുട്ടി മരിച്ചിരുന്നു. ഷിലോണ്‍ അടക്കം വ്യത്യസ്ത പങ്കാളികളില്‍ നിന്നായി 14 കുട്ടികളുടെ പിതാവുകൂടിയാണ് ഇലോണ്‍ മസ്ക്. മസ്കിന്റെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ രംഗത്തെത്തിയിരുന്നെങ്കിലും ഇവരുടെ വാദങ്ങളെ മസ്‌ക് ഇതുവരെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.

പോ‍ഡ്കാസ്റ്റില്‍ മസ്ക് പറഞ്ഞത്

ഇന്ത്യക്കാരിൽ നിന്ന് അമേരിക്കയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും പോഡ്കാസ്റ്റില്‍ മസ്ക് പറയുന്നുണ്ട്. ‘പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിന്നുള്ള പ്രതിഭകളുടെ വലിയ ഗുണഭോക്താക്കളാണ് അമേരിക്ക, പക്ഷേ ഇപ്പോൾ അത് മാറുന്നതായി തോന്നുന്നു’ അദ്ദേഹം പറഞ്ഞു. യുഎസ് വീസ നിയന്ത്രണങ്ങള്‍ കാരണം ആയിരക്കണക്കിന് ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നം തകരുമ്പോഴാണ് മസ്കിന്‍റെ പ്രതികരണം എന്നതുകൂടി ശ്രദ്ധേയമാണ്.

ENGLISH SUMMARY:

Tesla and SpaceX CEO Elon Musk revealed in an interview with Nikhil Kamath that his partner, Shivon Zilis, the Director of Operations at Neuralink, is half-Indian. Musk mentioned Zilis was adopted as a child in Canada but does not know the full details of her background. Musk also shared that one of their four children together has the middle name Sekhar, named after Indian-American Nobel Laureate Subrahmanyan Chandrasekhar. During the podcast, Musk emphasized that the US has greatly benefited from Indian talent over the decades, a comment made amidst ongoing discussions about US visa restrictions affecting thousands of Indians.