TOPICS COVERED

പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഭ്യൂഹം. ജയിലിൽ കഴിയുന്ന നേതാവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഇമ്രാന്റെ സഹോദരിമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. അഡിയാലയിലെ ജയിലിൽ ഇമ്രാൻ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2023 മുതൽ ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ തടവിലാണ്. 

മൂന്ന് ആഴ്ചയോളമായി സഹോദരനെ കാണാൻ ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്നാണ് ഇമ്രാന്റെ സഹോദരിമാർ പറയുന്നത്. ഈ ആഴ്ച റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് പാക്കിസ്ഥാൻ തെഹ്‍രീക് ഇ-ഇൻസാഫ് പ്രവർത്തകർക്കൊപ്പമാണ് ഇമ്രാനെ കാണാൻ സഹോദരിമാരായ  നൊരീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ എത്തിയത്. എന്നാൽ ജയിലിൽ സന്ദർശനം അനുവദിക്കാതെ പ്രവർത്തകരെയും സഹോദരിമാരെയും പൊലീസ് അക്രമിക്കുകയായിരുന്നു. 

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ പറ്റിയുള്ള ആശങ്കകളിലാണ് പ്രതിഷേധിച്ചത്. സമാധാനപരമായിരുന്നു. റോഡ് തടയാനോ ​ഗതാ​ഗതം സ്തംഭിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. എന്നാൽ പ്രോകപനമില്ലാതെ മുന്നറിയിപ്പില്ലാതെ പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് നൊറീൻ നിയാസി പറഞ്ഞത്. 71 വയസുള്ള തന്റെ മുടിയിൽ പിടിച്ചു വലിച്ച് നിലത്തേക്ക് എറിഞ്ഞെന്നും പരുക്കേറ്റതായും നൊറീൻ പറഞ്ഞു. അഡിയാല ജയിലിന് പുറത്ത് ഇമ്രാന്റെ സഹോദരിമാർക്കും അനുയായികൾക്കും നേരെയുണ്ടായ ക്രൂരമായ പോലീസ് ആക്രമണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

അതേസമയം ഇമ്രാൻ ഖാന്റെ മരണത്തിന് പിന്നിൽ അസിം മുനീറാണെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്സ് അക്കൗണ്ടിലെ പോസ്റ്റിലുണ്ട്. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്ഐയും ചേർന്ന് ഇമ്രാൻ ഖാനെ ജയിലിൽ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് നിരവധി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരം ശരിയാണെങ്കിൽ പാക്ക് ഭരണകൂടത്തിന്റെ അവസാനമാകും എന്നാണ് ബലൂചിസ്ഥാൻ പറയുന്നത്.

ENGLISH SUMMARY:

Imran Khan death rumors are circulating following allegations of police brutality against his sisters. The rumors suggest his death occurred in Adiala Jail, with accusations against Pakistani authorities.