Image credit: x
കാനഡയിലെ ഒട്ടാവയില്‍ ആയിരക്കണക്കിന് ഖലിസ്ഥാന്‍ അനുകൂലികള്‍ അണിനിരന്ന പ്രകടനത്തില്‍ ഇന്ത്യയുടെ ദേശീയ പതാക കീറിയെറിഞ്ഞ് തെരുവിലിട്ട് ചവിട്ടി. 'കില്‍ ഇന്ത്യ' മുദ്രാവാക്യവും പ്രകടനത്തില്‍ മുഴക്കി. കടുത്ത ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഖലിസ്ഥാന്‍ അനുകൂലികള്‍ ജാഥ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
'സിഖ്സ് ഫോര്‍ ജസ്റ്റി'സെന്ന സംഘടനയാണ് പ്രകടനം സംഘടിപ്പിച്ചത്. യുഎപിഎ അനുസരിച്ച് ഇന്ത്യ വിലക്കിയ സംഘടനയാണിത്. ഇന്ത്യയില്‍ നിന്നും പഞ്ചാബിനെ വേര്‍പെടുത്തി പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണമെന്നാണ് സംഘടനയുടെ വാദം. ജാഥയ്ക്ക് പിന്നാലെ ഖലിസ്ഥാന്‍ 'ജനഹിത പരിശോധന'യും ഇവര്‍ നടത്തി. എന്നാല്‍ ഇതിന് നിയമസാധുതയില്ല. ഖലിസ്ഥാനെ എത്ര കനേഡിയന്‍ സിഖുകാര്‍ പിന്തുണയ്ക്കുന്നുവെന്ന് അറിയാനാണ് ഇത്തരത്തില്‍ ജനഹിത പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഒന്‍റാരിയോ, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, ക്യുബെക് എന്നിവിടങ്ങളില്‍ നിന്നുള്ള 53,000 സിഖുകാര്‍ പരിപാടിയില്‍ പങ്കെടുത്തെന്നാണ് വിഘടനവാദികളുടെ അവകാശവാദം. രാവിലെ പത്തുമണി മുതല്‍ മൂന്ന് മണിവരെയായിരുന്നു വോട്ടെടുപ്പ്. സ്ഥലത്ത് കനേഡിയന്‍ സര്‍ക്കാര്‍ വന്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. റാലിയില്‍ പങ്കെടുത്തവരെ വിഘടനവാദി നേതാവായ ഗുര്പട്വന്ത് സിങ് പന്നൂന്‍ സാറ്റലൈറ്റ് സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. പ്രകടനത്തിനിടെ ഇന്ത്യന്‍ പതാക ചിലര്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.