11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 44 കാരിയായ സ്കൂള്‍ ജീവനക്കാരി കുറ്റം സമ്മതിച്ചു. മാൻസ്‌ഫീൽഡിലെ ഇ.ഒ. സ്മിത്ത് ഹൈസ്‌കൂളിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്ന ക്രാനിക്ക് ടെക്സ്റ്റ് എന്ന യുവതിയാണ് പ്രതി. 44 കാരിയായ ഇവര്‍ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം.
സ്നാപ്ചാറ്റ്, ഡിസ്കോര്‍ഡ് എന്നിവയിലൂടെ ക്രാനിക്ക് കുട്ടിക്ക് 5,000 ത്തോളം സന്ദേശങ്ങളയച്ചിട്ടുണ്ടെന്നാണ് യു.എസ് അറ്റോര്‍ണി ഓഫീസ് പറയുന്നത്. സമ്മാനങ്ങള്‍ നല്‍കിയാണ് യുവതി കുട്ടിയെ സ്വാധീനിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. രാത്രി വീട്ടില്‍ നിന്നും ഇറങ്ങി കാണാന്‍ വരാന്‍ കുട്ടിയെ നിര്‍ബന്ധിച്ചിരുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ ടെക്സ്റ്റ് മെസേജുകളിലൂടെയും സ്നാപ്ചാറ്റിലൂടെയുമാണ് യുവതി കുട്ടിയുമായി ബന്ധപ്പെട്ടത്. രക്ഷിതാക്കള്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ശേഷം യുവതി ചാറ്റിങ് ഡിസ്കോര്‍ഡിലേക്ക് മാറ്റി. 2022 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ ഡിസ്കോര്‍ഡിലൂടെ കുട്ടിക്ക് ഏകദേശം 4700 സന്ദേശങ്ങളയച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
കൊളംബിയ ലേക്, കൊളംബിയയിലെ ഹൊറേസ് പോർട്ടർ സ്കൂൾ, കോൾചെസ്റ്ററിലെ സാൽമൺ റിവർ സ്റ്റേറ്റ് ഫോറസ്റ്റ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വെച്ചാണ് കുട്ടിയെ ലൈംഗികമായി ആക്രമിച്ചത്. കാറില്‍ വച്ചും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അര്‍ധരാത്രി കുട്ടി ഉണർന്നിരിക്കാൻ കഫീൻ അടങ്ങിയ പാനീയങ്ങൾ നൽകി. ആപ്പിൾ എയർപോഡുകൾ അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കിയാണ് കുട്ടിയെ നിർബന്ധിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.