ബ്രിട്ടണിലെ നിയമനിര്‍മ്മാതാക്കളേയും പാര്‍ലമെന്റ് ജീവനക്കാരേയും കെണിയിലാക്കാനുള്ള ചൈനയുടെ തന്ത്രത്തിന് തടയിട്ട് രഹസ്യാന്വേഷണ ഏജൻസി MI5. ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിനിൽ വ്യാജ ‘ഹെഡ്ഹണ്ടർ’ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് ബ്രിട്ടീഷ് ഉന്നതവ്യക്തികളെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടന്റെ തന്ത്രപ്രധാനമായ സർക്കാർ വിവരങ്ങളിലേക്ക് ആക്സസ് ഉള്ള വ്യക്തികളെ കണ്ടെത്തിയാണ് ചൈനയുെട പദ്ധതി. ഇതുമായി ബന്ധപ്പെട്ട സംശയത്തെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിക്കപ്പെടുന്ന രണ്ട് ഓൺലൈൻ പ്രൊഫൈലുകൾ ബ്രിട്ടീഷ് ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ നീക്കം കയ്യോടെ പൊക്കിയ ബ്രിട്ടണ്‍ ഇത്തരം നീക്കങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. വിദേശ ചാരവൃത്തി പ്രവര്‍ത്തനങ്ങള്‍ എവിടെ കണ്ടാലും തടയാനും നിരുത്സാഹപ്പെടുത്താനുമുള്ള അധികാരങ്ങളും ഉപകരണങ്ങളും രാജ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. കൂടാതെ സുരക്ഷ വര്‍ധിപ്പിക്കാനായി പുതിയ പദ്ധതികളും അതിനായി നിക്ഷേപങ്ങളും മാറ്റിവച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന എൻക്രിപ്റ്റ് ചെയ്ത സാങ്കേതികവിദ്യ നവീകരിക്കുന്നതിന് 170 ദശലക്ഷം പൗണ്ട് അനുവദിച്ചു. കൗണ്ടര്‍ ടെററിസം പൊലീസിങ്ങിനായും ബിസിനസ് സംരക്ഷണത്തിനായും 130 ദശലക്ഷം പൗണ്ടും പ്രഖ്യാപിച്ചുകഴിഞ്ഞു. ചൈനയുടെ ദേശീയ രഹസ്യാന്വേഷണ നിയമത്തിന് കീഴിലുള്ള കമ്പനികൾ നിർമ്മിച്ച നിരീക്ഷണ ഉപകരണങ്ങൾ എല്ലാ തന്ത്രപ്രധാനമായ യുകെ സർക്കാർ സൈറ്റുകളിൽ നിന്നും നീക്കം ചെയ്യുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയാക്കി.
ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട രണ്ട് ബ്രിട്ടീഷ് പൗരന്മാർക്കെതിരായ കേസ് ദുര്‍ബലപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ഈ പുതിയ നീക്കം. ബെയ്ജിങ്, ബ്രിട്ടണ് സുരക്ഷാ ഭീഷണി ഉയർത്തുന്നു എന്നതിന് മതിയായ തെളിവുകൾ സര്‍ക്കാര്‍ നല്‍കിയില്ലെന്നാരോപിച്ച് പ്രോസിക്യൂട്ടര്‍മാര്‍ ആരോപണങ്ങള്‍ പിന്‍വലിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ലണ്ടനില്‍ വലിയൊരു ചൈനീസ് എംബസിക്ക് അംഗീകാരം നല്‍കണമോയെന്നതും ഇനി ചര്‍ച്ചയായേക്കുമെന്നാണ് വിലയിരുത്തല്‍.