Image: instagram.com/gaurav_mishra_talks
പലപ്പോളും നമ്മുടെ നാട്ടിലെ മോശമായ റോഡുകളെ ആളുകള്‍ താരതമ്യപ്പെടുത്താറുള്ളത് വിദേശ രാജ്യങ്ങളിലെ റോഡുകളുമായിട്ടാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ അമേരിക്കയിലെ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ ചെളി നിറഞ്ഞ റോഡിലെ കുഴികളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഗൗരവ് മിശ്ര എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വിഡിയോ പങ്കുവച്ചത്. ‘ഏറ്റവും മികച്ച നഗരത്തിനുപോലും ചില പോരായ്മകളുണ്ട്’ എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മാൻഹട്ടനിലെ തിരക്കേറിയ തെരുവുകളിലൂടെ യുവാവ് നടക്കുന്നതായി വിഡിയോയില്‍ കാണാം. പിന്നെ കാണുന്നത് 42-ാം സ്ട്രീറ്റിന്റെ ഒരു മൂലയിലുള്ള ഒരു വലിയ ചെളിക്കുഴിയിലേക്കാണ്. ‘ഇവിടുത്തെ റോഡുകളും അത്ര നല്ലതല്ല, വെള്ളം കെട്ടിക്കിടക്കുന്നു’ യുവാവ് വിഡിയോയില്‍ പറയുന്നു. പിന്നാലെ കമന്‍റുകളുമായി നെറ്റിസണ്‍സും എത്തി. നഗരത്തിന്റെ ആഗോള പ്രതിച്ഛായയും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം വിഡിയോയില്‍ വ്യക്തമാകുന്നതായി നിരവധിപര്‍ അഭിപ്രായപ്പെട്ടു.
‘ഇന്ത്യയിലെ റോഡുകൾ ഇതിലും മികച്ചതാണ്. ശരിയല്ലേ ബ്രോ?’ എന്നാണ് ഒരാള്‍ വിഡിയോയില്‍ കുറിച്ചത്. ‘യുഎസിലെ ഏറ്റവും വലിയ നഗരമാണ് ന്യൂയോർക്ക്, എന്തൊക്കെ പറഞ്ഞാലും എനിക്കീ നഗരം ഇഷ്ടമാണ്’ മറ്റൊരാള്‍ കുറിച്ചു. ഇതിനിടെ ആദ്യ നിങ്ങളുടെ നഗരത്തിന്‍റെ അവസ്ഥ മെച്ചമാക്കൂ അതിന് ശേഷം ന്യൂയോര്‍ക്കിനെ കുറ്റം പറയൂ എന്നും ഒരാള്‍ കുറിച്ചു. എന്തെല്ലാം പറഞ്ഞാലും അമേരിക്കൻ നഗരം ഇപ്പോഴും ഇന്ത്യൻ നഗര നിലവാരത്തെ മറികടക്കുന്നുവെന്നും ഇന്ത്യയേക്കാൾ കൂടുതൽ മികച്ചതാണെന്നും ആളുകള്‍ കമന്‍റ് ചെയ്യുന്നുണ്ട്. മെല്‍ബണിലും അവസ്ഥ മറിച്ചല്ല എന്ന് മറ്റൊരാളും കുറിച്ചു. ലോകമെമ്പാടും അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പല കമന്‍റുകളും ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ പറയുന്നത് പ്രകാരം 2024 സാമ്പത്തിക വർഷത്തിൽ നഗരത്തിലെ 77.5 ശതമാനം പാതകളും മികച്ചതാണ്. 0.5 ശതമാനത്തിൽ താഴെ മാത്രമേ മോശം വിഭാഗത്തിൽ പെടുന്നുള്ളൂ. എങ്കില്‍പ്പോലും റോഡിലെ കുഴികള്‍ ഒരു പ്രധാന പ്രശ്നമായി തുടരുന്നുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം ഡി.ഒ.ടി 154,898 കുഴികൾ നന്നാക്കിയിട്ടുണ്ട്. എങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 12 ശതമാനം കുറവാണ്.