Image Credit: X
45 ഇന്ത്യക്കാരുടെ ജീവന്‍ പൊലിഞ്ഞ സൗദി ബസ് അപകടത്തില്‍ രക്ഷപെട്ടത് ഒരേയൊരാള്‍ മാത്രം. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ ഷോയബ് (24) ആണ് കത്തിയമര്‍ന്ന ബസിനുള്ളില്‍ നിന്ന് ജീവനോടെ രക്ഷപെട്ടത്. മക്കയില്‍ നിന്ന് മദീനയിലേക്ക് സഞ്ചരിച്ച ബസ് പുലര്‍ച്ചെ ഒന്നരയോടെ ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടസമയത്ത് ഡ്രൈവര്‍ക്കരികിലായാണ് ഷോയബ് ഇരുന്നത്. നിലവില്‍ സൗദിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഷോയബ്. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മിഷണര്‍ വി.സി.സജ്ജനാര്‍ പറഞ്ഞു.
ഉംറയ്ക്കായി പോയ തീര്‍ഥാടകരാണ് ബസിനുള്ളിലുണ്ടായിരുന്നത്. 20 സ്ത്രീകള്‍, 11 കുട്ടികള്‍ എന്നിവരുള്‍പ്പടെ 46 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള അല്‍ മീണ ഹജ്ജ് ആന്‍റ് ഉംറ ട്രാവല്‍സ് വഴി സൗദിയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരില്‍ 16 പേര്‍. വിദേശകാര്യമന്ത്രാലയവുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും അടിയന്തര സഹായത്തിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രേവന്ത് റെഡ്ഡിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
അപകടസ്ഥലത്ത് കൂടി സഞ്ചരിച്ചൊരാള്‍ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നും ഒരാള്‍ മാത്രമേ രക്ഷപെട്ടിട്ടുള്ളൂവെന്നും ഇദ്ദേഹം വിഡിയോയില്‍ പറഞ്ഞിരുന്നു. വിവരം പങ്കുവയ്ക്കുക മാത്രമാണ് തനിക്കിപ്പോള്‍ ചെയ്യാന്‍ പറ്റുന്ന സഹായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുരന്തത്തില്‍പ്പെട്ടവരുടെ ഉറ്റവര്‍ക്കായി ഹെല്പ്ലൈന് അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.