സൗദിയുടെ അത്യാധുനിക നഗര പദ്ധതിയായ നിയോമില്‍, 2029-ൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏഷ്യൻ ശീതകാല ഗെയിംസ് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു. ഗെയിംസ് മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
ചെങ്കടലിനോട് ചേർന്നുള്ള സൗദിയുടെ പടിഞ്ഞാറൻ മരുഭൂമിയിൽ, 500 ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന നിയോം നഗരത്തിലെ പർവതനിരകളിൽ, വർഷം മുഴുവൻ പ്രവർത്തിക്കുന്ന സ്കീയിങ് കേന്ദ്രമായി വിഭാവനം ചെയ്ത ട്രൊജീനയിലായിരുന്നു ഗെയിംസ് നടത്താൻ നിശ്ചയിച്ചിരുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ 'വിഷൻ 2030' പദ്ധതിയുടെ ഭാഗമായി നിരവധി മേളകളുടെ ആതിഥേയത്വം സൗദി സ്വന്തമാക്കിയിരുന്നു. തലസ്ഥാനമായ റിയാദിൽ നടക്കുന്ന 2030 വേൾഡ് എക്സ്പോ, 2034 ഫിഫ ലോകകപ്പ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 90,000 കോടി ഡോളറിന്റെ ആസ്തിയുള്ള രാജ്യത്തിന്റെ പൊതുനിക്ഷേപ ഫണ്ടാണ് കായിക രംഗത്തെ വമ്പൻ മുതൽമുടക്കിന് പിന്നിൽ. എന്നാൽ, എണ്ണവില ബാരലിന് 60 ഡോളറിലേക്ക് ഇടിഞ്ഞത് രാജ്യത്തിന്റെ വരുമാനത്തെ ബാധിച്ചു. ഈ സാഹചര്യത്തിൽ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചത്, സൗദിയുടെ പദ്ധതികൾ സമ്മർദത്തിലാണെന്നതിന്റെ സൂചനയായി.
സൗദിക്ക് ഏഷ്യൻ വിന്റർ ഗെയിംസ് വേദി അനുവദിച്ച തീരുമാനം മുന്‍നിരതാരങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വെള്ളവും മഞ്ഞുവീഴ്ചയും തീരെ കുറഞ്ഞ ഒരു മരുഭൂപ്രദേശത്ത് ശീതകാല കായികമേള സംഘടിപ്പിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതായിരുന്നു വിമര്‍ശനത്തിന് കാരണം