Image Credit: x/NemicoNetwork
സൗദിയിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ഷൈബ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ തകര്‍ത്തുവെന്ന് സൗദി അറേബ്യയുടെ പ്രതിരോധമന്ത്രാലയം. 16 ഡ്രോണുകളെയും പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്തുവെന്ന് മന്ത്രാലയത്തിന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നു. അതേസമയം, ഡ്രോണ്‍ ആക്രമണം നടത്തിയത് ആരാണെന്നോ ഉറവിടമോ മന്ത്രാലയം എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.
ശൂന്യമരുഭൂമിയെന്ന് അറിയപ്പെടുന്ന റബി അല്‍ ഖാലിയുടെ ഒരുഭാഗത്താണ് ഷൈബ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. മധ്യപൂര്‍വദേശത്തെ വലിയ എണ്ണപ്പാടങ്ങളിലൊന്നായ ഇവിടെ ആള്‍പ്പാര്‍പ്പും തീരെ കുറവാണ്. പ്രതിദിനം ഒരു മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നതെന്ന് അരാംകോ വ്യക്തമാക്കുന്നു. അരാംകോയുടേതാണ് എണ്ണപ്പാടം.
റാസ് ടാനുറയിലെ അരാംകോയുടെ എണ്ണപ്പാടം ആക്രമിച്ചത് തങ്ങളല്ലെന്ന് ഇറാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയാണ് റാസ് ടാനുറയില്‍ ഡ്രോണ്‍ ആക്രമണവും അതേത്തുടര്‍ന്ന് തീപിടിത്തവും ഉണ്ടായത്. ഇത് വളരെ വേഗത്തില്‍ അധികൃതര്‍ അണയ്ക്കുകയായിരുന്നു. പിന്നാലെയാണ് ആക്രമണത്തില്‍ ഇറാന് പങ്കില്ലെന്നും ഖമനയിയുടെ കൊലയ്ക്ക് പ്രതികാരം ചെയ്യുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇറാന്‍ വ്യക്തമാക്കിയത്. അവസാനത്തെ സൈനികനും മരിച്ച് വീഴുംവരെ പോരാടുമെന്നും ഇറാന്‍ പ്രസ്താവനയില്‍ വിശദീകരിക്കുകയും ചെയ്തു.
അതിനിടെ സൗദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് മൊസാദ് ആണെന്ന് യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ്‍ തന്‍റെ വിഡിയോ സന്ദേശത്തിലൂടെ ആരോപിച്ചിരുന്നു. രണ്ട് മൊസാദ് ചാരന്‍മാരെ സൗദി അറസ്റ്റ് ചെയ്തെന്നും കാള്‍സണ്‍ പറഞ്ഞിരുന്നു. ഖത്തറിലും മൊസാദ് ഏജന്‍റുമാരുടെ അറസ്റ്റുണ്ടായെന്നും ആരോപണം കടുപ്പിക്കുകയും ചെയ്തു. എന്നാല്‍ മൊസാദ് ഏജന്‍റുമാര്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതായി അറിവില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് മജീദ് അല്‍ അന്‍സാരിയുടെ പ്രതികരണം.