മാലദ്വീപിലെ മലയാളി സമൂഹം സംഘടിപ്പിച്ച ‘കേരളീയം'25@മാലദ്വീപ്’ കലാസാംസ്കാരിക പരിപാടി ശ്രദ്ധേയമായി. ഈ മാസം ഏഴിനായിരുന്നു ആവേശകരമായ ആഘോഷപരിപാടികള്‍ നടന്നത്. ഇന്ത്യ-മാലദ്വീപ് നയതന്ത്രബന്ധത്തിന്റെ 60-ാം വാർഷികാഘോഷങ്ങളുടെ തുടക്കം എന്ന നിലയിലും ‘കേരളീയം 25’ ശ്രദ്ധിക്കപ്പെട്ടു.
ഒരു മാസത്തിലധികമായി നടന്ന കായിക മത്സരങ്ങൾക്കും കലാപ്രകടനങ്ങൾക്കും പരിസമാപ്തി കുറിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെട്ട പരിപാടി മാലദ്വീപിലെ വിദേശ കമ്മ്യൂണിറ്റി സംഘടിപ്പിച്ച ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായി മാറുകയും ചെയ്തു.
മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ജി. ബാലസുബ്രഹ്മണ്യൻ പരിപാടിയിലെ വിശിഷ്ടാതിഥിയായിരുന്നു. ‘കേരളീയം'25@മാലദ്വീപിനെ’ക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ‘വന്ദേമാതരം 150’ ന്റെ ഭാഗമായി ആയിരത്തിലധികം ഇന്ത്യക്കാർ പങ്കെടുത്ത വന്ദേമാതരം ആലാപനത്തിനു നേതൃത്വം നല്‍കുകയും ചെയ്തു. കഴിഞ്ഞ എട്ടു വർഷമായി ഒരു പരിപാടിയും മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നില്ല.
രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കൂട്ടായ്മയുടെ ശക്തിയും ഇന്ത്യൻ ഹൈക്കമ്മീഷന്റെയും കൾച്ചറൽ സെന്ററിന്റെയും പിന്തുണയുമാണ് പരിപാടി വിജയകരമാക്കാൻ സഹായിച്ചതെന്ന് സംഘാടക സമിതി അറിയിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ ഭാഗമായി ഡയറക്ടർ മഞ്ജിഷ്ഠ മുഖർജി ഭട്ടിന്റെ നേതൃത്വത്തിൽ നടന്ന വിവിധ കലാപരിപാടികളും മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന നൃത്ത-സംഗീത പരിപാടികളും ഏറെ പ്രശംസിക്കപ്പെട്ടു .
പ്രശസ്ത ഗായകരായ ലക്ഷ്മി ജയനും അനു പ്രവീണും സദസ്സിനെ ആവേശലഹരിയിലാക്കി. മാലദ്വീപിലെ എല്ലാ ഇന്ത്യക്കാർക്കും ആസ്വദിക്കാനായി വിവിധ ഭാഷകളിലുള്ള സംഗീത, നൃത്ത പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത് ഒത്തുകൂടിയ ഇന്ത്യൻ സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. പങ്കെടുത്ത എല്ലാവർക്കും വാഴയിലയിട്ട് വിഭവസമൃദ്ധമായ കേരള സദ്യ ഒരുക്കിയതും പരിപാടിയെ വേറിട്ടുനിര്‍ത്തി. പരിപാടിയിൽ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ഐഫോൺ, ഫ്ലൈറ്റ് ടിക്കറ്റുകൾ, റിസോർട്ട് സ്റ്റേ ഉൾപ്പെടെ അൻപതിൽ പരം സമ്മാനങ്ങളുള്ള ഭാഗ്യ കൂപ്പൺ നറുക്കെടുപ്പും ഉണ്ടായിരുന്നു.