U.S. Treasurer Brandon Beach holds the last penny during his visit to strike the final five circulating one-cent coins or pennies, ending 232 years of penny production in the United States, at the United States Mint in Philadelphia, Pennsylvania, U.S., November 12, 2025. REUTERS/Rachel Wisniewski
അമേരിക്കയില്‍ പെന്നി നാണയങ്ങൾ ചരിത്രത്തിലേക്ക്. പ്രചാരത്തിലുള്ള അവസാനത്തെ അഞ്ച് പെന്നികൾ കൂടി നിർമിച്ചതോടെ, 232 വർഷം നീണ്ട പെന്നി ഉൽപാദനത്തിന് തിരശ്ശീല വീഴും. പെന്നികളുടെ നിർമാണം 'ധൂർത്തെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. മൂല്യംകുറഞ്ഞ വസ്തുക്കളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പദങ്ങളിലൊന്ന് കൂടിയായിരുന്നു പെന്നി.
A die for a penny press is seen at the U.S. Mint in Philadelphia, Wednesday, Nov. 12, 2025. (AP Photo/Matt Slocum)
വർധിച്ചുവരുന്ന നിർമാണച്ചെലവും ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങളും സാങ്കേതിക വളർച്ചയും കണക്കിലെടുത്താണ് പെന്നി നിര്‍മാണം നിര്‍ത്തിയത്. ഒരു ഡോളറിന്റെ ഏറ്റവും കുറഞ്ഞ യൂണിറ്റാണ് പെന്നി.ഏറ്റവും മൂല്യം കുറഞ്ഞ നാണയങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ച കാനഡ, ഓസ്‌ട്രേലിയ, അയർലൻഡ്, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പാത അമേരിക്കയും പിന്തുടരുകയാണ്. പണം നേരിട്ടു നൽകുന്ന ഇടപാടുകളിൽ തുക തൊട്ടടുത്ത അഞ്ചു സെന്റിലേക്ക് ക്രമീകരിക്കാനാണ് നീക്കം. എന്നാൽ, ഇലക്ട്രോണിക് പണമിടപാടുകളിൽ കൃത്യമായ തുക തന്നെയായിരിക്കും ഈടാക്കുക.
1793-ലാണ് യുഎസ് സർക്കാർ ആദ്യമായി ഒരു സെന്റിന്റെ നാണയമായ 'പെന്നി' പുറത്തിറക്കിയത്. സിങ്കും ചെമ്പും ചേർത്താണ് നാണയം നിർമിക്കുന്നത്. 1909 മുതൽ മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ രൂപം നാണയത്തിന്റെ ഒരു വശത്ത് ആലേഖനം ചെയ്തുവരുന്നു. 2024 സാമ്പത്തിക വർഷത്തിൽ യുഎസ് കമ്മട്ടം പുറത്തിറക്കിയ 561 കോടി പ്രചാരത്തിലുള്ള നാണയങ്ങളിൽ 57 ശതമാനവും പെന്നികളായിരുന്നു. അതേസമയം, ശേഖരണത്തിനായുള്ള പെന്നിയുടെ പ്രത്യേക പതിപ്പുകൾ പരിമിതമായ അളവിൽ തുടർന്നും നിർമിക്കുമെന്ന് ട്രഷറി വ്യക്തമാക്കി. സ്വർണത്തിൽ നിർമിച്ച പെന്നികൾ പുറത്തിറക്കാനും പദ്ധതിയുണ്ടെന്ന് കമ്മട്ടം ഉദ്യോഗസ്ഥൻ പറഞ്ഞു.
Two of the last struck pennies, during U.S. Treasurer Brandon Beach's visit to strike the final five circulating one-cent coins or pennies, ending 232 years of penny production in the United States, at the United States Mint in Philadelphia, Pennsylvania, U.S. November 12, 2025. REUTERS/Rachel Wisniewski
പെന്നി നിലനിർത്തുന്നത് ഉപഭോക്തൃ വില കുറച്ചുനിർത്താൻ സഹായിക്കുമെന്നും പല സന്നദ്ധ സംഘടനകളുടെയും ഒരു വരുമാന മാർഗമാണെന്നും അനുകൂലിക്കുന്നവർ വാദിക്കുന്നു. ഈ വർഷം പെന്നിയുടെ വിനിമയത്തിൽ കുറവുണ്ടായെന്നും ഇത് പ്രാദേശികമായി ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ടെന്നും അമേരിക്കൻ ബാങ്കേഴ്സ് അസോസിയേഷൻ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. അധികമുള്ള നാണയങ്ങൾ നിക്ഷേപിക്കാൻ ബാങ്കുകൾ ഉപയോഗിക്കുന്ന ടെർമിനലുകൾ പലയിടത്തും പ്രവർത്തനം നിർത്തിയതാണ് ഇതിനു പ്രധാന കാരണം. ഈ ക്ഷാമം പരിഹരിക്കുന്നതിനായി വീടുകളിലും കാറുകളിലും മറ്റുമുള്ള പെന്നികൾ കണ്ടെത്തി ബാങ്കുകളിലോ ചില്ലറ വിൽപ്പനശാലകളിലോ എത്തിക്കാൻ ബാങ്കിങ് മേഖല ഉപഭോക്താക്കളോട് അഭ്യർഥിക്കുന്നുണ്ട്.
പെന്നിയുടെ നിർമാണം നിർത്തുന്നതിലൂടെ യുഎസ് മിന്റിന് വർഷം 5.6 കോടി ഡോളർ ലാഭിക്കാനാകുമെന്ന് ട്രഷറി അറിയിച്ചു. പെന്നികൾ നിയമപരമായ നാണയമായി തുടരും. നിലവിൽ ഏകദേശം 30,000 കോടി പെന്നികൾ പ്രചാരത്തിലുണ്ട്. ഇത് രാജ്യത്തെ സാമ്പത്തിക ഇടപാടുകൾക്ക് ആവശ്യമായതിലും വളരെ കൂടുതലാണെന്നും ട്രഷറി വ്യക്തമാക്കി.പെന്നികളുടെ നിർമാണം 'ധൂർത്താണ്' എന്ന് വിശേഷിപ്പിച്ച യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇത് നിർത്തിവെക്കാൻ ഫെബ്രുവരിയിൽ ട്രഷറി വകുപ്പിന് നിർദേശം നൽകിയിരുന്നു. രണ്ടു സെന്റിൽ കൂടുതൽ ചെലവഴിച്ച് നാം ഒരു സെന്റ് നാണയങ്ങൾ നിർമിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത് വലിയ ധൂർത്താണെന്നാണ് ട്രംപിന്‍റെ വാദം.