shehbaz-sharif-un

ഷെഹ്ബാസ് ഷെരീഫ് (ഫയല്‍ ചിത്രം)

ഇസ്‌ലാമാബാദില്‍ 12 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാക് സർക്കാരിന്റെ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഓഫ് പാക്കിസ്ഥാൻ (എപിപി) റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഇന്ത്യൻ പിന്തുണയുള്ള ഭീകരവാദികളാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ഷെഹ്ബാസ് ഷെരീഫ് കുറ്റപ്പെടുത്തിയത്. പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭീകരതയുടെ തുടർച്ചയാണ് ഈ ആക്രമണങ്ങളെന്നും ഇന്ത്യ ഇവയെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കാഡറ്റ് കോളജിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലും ഇന്ത്യയെന്ന് അദ്ദേഹം ആരോപിക്കുന്നുണ്ട്.

pak-blast

ഇസ്‌ലാമാബാദിലുണ്ടായ സ്ഫോടനം

ഭീകരസംഘടനയായ തെഹ്‌രിക്–ഇ–താലിബാൻ–പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളുമായി ഈ സ്ഫോനത്തിന് ബന്ധമുണ്ടെന്നും പിന്നില്‍ ‘ഇന്ത്യയുടെ പാവയായ’ താലിബാന്‍‌ ഭരണകൂടമാണെന്നും പാക്കിസ്ഥാന്‍ പറയുന്നുണ്ട്. തെഹ്‌രിക്–ഇ–താലിബാൻ–പാക്കിസ്ഥാന്‍ എന്ന ടിടിപിയെ ഇന്ത്യയുമായി ബന്ധിപ്പിച്ച് ‘ഫിത്‌ന അൽ ഹിന്ദുസ്ഥാൻ’ എന്നാണ് പാക്കിസ്ഥാന്‍ പരിഹാസരൂപേണ വിളിക്കുന്നത്. ഇന്ത്യയുടെ പിന്തുണയോടെ നടക്കുന്ന ഈ ആക്രമണങ്ങളെ എത്ര അപലപിച്ചാലും മതിയാകില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. 

എന്നാല്‍, പാക്കിസ്ഥാന്‍റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തള്ളി ഇന്ത്യയും രംഗത്തെത്തി. സ്വന്തം രാജ്യത്തിന്‍റെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്‍റെ തന്ത്രമാണിതെന്ന് ഇന്ത്യ പറഞ്ഞു. സ്വന്തം രാജ്യത്തെ ഭരണഘടനാ അട്ടിമറിയിൽ നിന്നും അധികാര കൈയേറ്റത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ കഥകൾ മെനയുന്നത്. രാജ്യാന്തര സമൂഹത്തിന് യാഥാർത്ഥ്യമെന്തെന്ന് അറിയാം. പാക്കിസ്ഥാന്റെ ഈ തന്ത്രങ്ങളില്‍ ആരും വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

kwaja-pakistan

ഖ്വാജാ ആസിഫ്

അതേസമയം, രാജ്യം യുദ്ധത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നേരത്തെ പറഞ്ഞിരുന്നു. ഇസ്‌ലാമാബാദ് ജില്ലാ ജുഡീഷ്യൽ കോംപ്ലക്‌സിന് സമീപമുണ്ടായ ചാവേര്‍ ആക്രമണം ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം പറയുകയുണ്ടായി. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം ഇനി അതിർത്തികളില്‍ മാത്രമായി ഒതുങ്ങി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമാബാദിലെ സ്ഫോടനത്തിന് പിന്നില്‍ അഫ്ഗാനിസ്ഥാനാണെന്നും പ്രതിരോധ അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ, അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാരുമായുള്ള സമാധാന ചർച്ചകളിൽ പുരോഗതി പ്രതീക്ഷിക്കേണ്ടെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് ഇസ്‌ലാമാബാദ് ഹൈക്കോടതിക്ക് മുന്നില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും കോടതിയിൽ വിചാരണയ്ക്കായി എത്തിയവർക്കടക്കം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു വാഹനത്തിനുള്ളിൽ നിന്ന് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചെന്നാണ് പാക്ക് മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാല്‍ ചാവേറാക്രമണമാണ് നടന്നതെന്ന് പിന്നീട് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പറഞ്ഞു. ഡൽഹിയിൽ സ്ഫോടനമുണ്ടായതിന്റെ പിറ്റേ ദിവസമാണ് പാക്കിസ്ഥാനിലും സമാനരീതിയിലുള്ള ചാവേറാക്രമണം ഉണ്ടായത്. 

ENGLISH SUMMARY:

Pakistan Prime Minister Shehbaz Sharif alleged that India-backed terrorists were behind the deadly suicide attack near the Islamabad Judicial Complex, which killed 12 people. He claimed the attacks, including one on a cadet college near the Afghanistan border, are part of a continuous campaign to destabilize Pakistan, also linking the TTP (Tehrik-i-Taliban Pakistan) to "India's puppet" Taliban regime. India's Ministry of External Affairs strongly rejected the "baseless allegations," calling them a transparent tactic by Pakistan to divert public attention from its internal political and constitutional crises.