ആന ആള് സീനാണ്. നിരവധി ആന ആക്രമണങ്ങളുടെ വിഡിയോ എല്ലാവരും കണ്ട് കാണും. എത്ര പാവത്താനായി നിന്നാലും ഒന്നിടഞ്ഞാല്‍ അടിച്ച് ചതച്ച് വലിച്ചു കീറും. കാട്ടാനകള്‍ ആളുകളെ ആക്രമിക്കുന്ന വാര്‍ത്തകളും ദിനംപ്രതി നാം കേള്‍ക്കുന്നുണ്ട്. ആരും മുട്ടാന്‍ ഭയക്കുന്ന ആജാനബാഹുവിനെ ഒരു ഭയവും കൂടാതെ ഒരാള്‍ മല്ലയുദ്ധത്തില്‍ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആനയുടെ എതിരാളി മനുഷ്യനല്ല ഒരു മുതലയാണ് എന്നതാണ് പ്രത്യേകത.
ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയുടെ അധീനതയിലുള്ള ദീപസമൂഹമായ സാന്‍സീബാറിലാണ് സംഭവമരങ്ങേറിയത്. കടലില്‍ ഒരു കുളിക്കിറങ്ങിയതായിരുന്നു കൂറ്റന്‍ കാട്ടുകൊമ്പന്‍. ആരും അടുക്കാന്‍ വരില്ല എന്ന അഹങ്കാരത്തോടെ കുളിക്കുന്നതിനിടെ കൊമ്പനെ കീഴ്പ്പെടുത്താന്‍ കച്ചകെട്ടി ഒരാള്‍ ഇറങ്ങുകയാണ്. ഒരു മുതല. വെള്ളത്തില്‍ ആന കോപത്തോടെ തുമ്പിക്കൈ കൊണ്ട് അടിക്കുന്നതും കറങ്ങുന്നതും തിരിയുന്നതും എല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടയ്ക്ക് ആന മുതലയെ കൊമ്പുകൊണ്ട് കുത്താന്‍ നോക്കുന്നുണ്ട്. എന്നാല്‍ മുതല ആനയെ ഇടം വലം വെള്ളത്തിനടിയിലൂടെ ആക്രമിക്കുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ആന കരയിലേക്ക് ഓടിക്കയറുകയാണ്. എന്നാല്‍ കഥയിലെ ട്വിസ്റ്റ് എന്തെന്നാല്‍ കരയ്ക്ക് കയറി ഓടുന്ന ആനയുടെ വാലില്‍ കടിച്ച് തൂങ്ങിക്കിടക്കുന്ന മുതലയേയും ദൃശ്യങ്ങളില്‍ കാണാം.
സാധാരണ മനുഷ്യന്‍മാര്‍ കഴിഞ്ഞാല്‍ ആനകളെ വേട്ടയാടുന്നത് സിംഹം പോലുള്ള മാസഭുക്കുക്കളാണ്. എന്നാല്‍ അതും കുട്ടിയാനകളെയോ വയസായ ആനകളെയോ ആണ് വേട്ടയാടാറ്. മുതലകള്‍ പൊതുവെ ആനക്കുട്ടികളെ വേട്ടയാടാറുണ്ടെങ്കിലും പൂര്‍ണ വളര്‍ച്ചയെത്തിയെ കൊമ്പനെ വേട്ടയാടാന്‍ മുതലകള്‍ പോലും ശ്രമിക്കാറില്ല. എന്നാല്‍ വിഡിയോയില്‍ അവസാനം കാണുന്ന മുതലയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും എക്സ്പീരിയന്‍സ് ഇല്ലായ്മയാണ് ഈ വേട്ടയിലേക്ക് മുതലയെ എത്തിച്ചതെന്നുമാണ് വന്യജീവി വിദഗ്ധരുടെ നിഗമനം. എങ്കിലും വിഡിയോയുടെ താഴെ ആനയെ പിന്തുണച്ചും മുതലയെ പിന്തുണച്ചും നിരവധി കമന്‍റുകളുണ്ട്. ആനയോട് മുട്ടാന്‍ മുതല ആയിട്ടില്ലെന്നും, ഇത്രയും വലിയ ആനയെ നേരിട്ട് അതിനെ ഓടിച്ച മുതല ഒരു സംഭവം തന്നെയെന്നും കമന്‍റുകളുണ്ട്.