മാറാ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വീസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ആരോഗ്യകാരണങ്ങളില്‍ റിസ്ക് എടുക്കേണ്ടെന്ന് എംബസികള്‍ക്കും കോണുസുലാര്‍ ഓഫിസുകള്‍ക്കും ട്രംപ് ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ആരോഗ്യപരിപാലനത്തിനായി നല്ല തുക ചെലവാകുമെന്ന് ഉറപ്പുള്ളവര്‍ക്ക് വീസ അനുവദിക്കേണ്ടെന്നാണ് ഉത്തരവിലുള്ളത്. ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് പുറമെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, കാന്‍സറുകള്‍, ദഹന സംബന്ധമായ പ്രശ്നങ്ങള്‍, നാഡികളുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍, മാനസിക ആരോഗ്യ നില ബുദ്ധിമുട്ടിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം 'വിലക്ക്' വീഴും.
പൊണ്ണത്തടിയുള്ളവരെയും വിശദമായി പരിശോധിച്ച ശേഷം മാത്രം യുഎസിലേക്ക് കടത്തിയാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പൊണ്ണത്തടിയുള്ളവര്‍ക്ക് ക്രമേണെ ആസ്ത്മ, ഉറക്കക്കുറവ്, രക്തസമ്മര്‍ദം എന്നിവ ഉണ്ടായേക്കാമെന്നും ചട്ടത്തില്‍ പറയുന്നു. ആരോഗ്യമില്ലാത്ത വ്യക്തികള്‍ യുഎസിലേക്ക് എത്തിയാല്‍ അത് രാജ്യത്തിന് ബാധ്യതയാകുമെന്നും അത് ഒഴിവാക്കണമെന്നുമാണ് നിര്‍േദേശം.വ്യാഴാഴ്ച മുതലാണ് പുതിയ മാര്‍ഗനിര്‍ദേശം വീസ ഓഫിസുകളിലേക്ക് കൈമാറിയത്.
പുതുക്കിയ ചട്ടം വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബാധകമാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. സാങ്കേതികമായി എല്ലാ വീസ അപേക്ഷകര്‍ക്കും ബാധകമാണെന്നാണ് കരുതുന്നത്. ഇതില്‍ B1,B2 വീസകളും സ്റ്റുഡന്‍റ് വീസയായ F1 ഉം ഉള്‍പ്പെടും. രാജ്യത്തെത്തുന്നവര്‍ സര്‍ക്കാരിനും പൗരന്‍മാര്‍ക്കും ഉണ്ടാക്കുന്ന ബാധ്യത കുറയ്ക്കാനാണ് 'പബ്ലിക് ചാര്‍ജ്' എന്ന ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
വീസ അനുവദിക്കുന്നതിനായി ആരോഗ്യപരിശോധനകള്‍ നേരത്തെയും നിലവിലുണ്ടായിരുന്നുവെങ്കിലും ക്ഷയരോഗം പോലെ പകരാന്‍ സാധ്യതയുള്ള രോഗമുള്ളവരുടെ അപേക്ഷകളേ നിരസിച്ചിരുന്നുള്ളൂ. പുതിയ ചട്ടപ്രകാരം ഏതെങ്കിലും തരത്തിലുള്ള അസുഖബാധിതര്‍ക്ക് സ്വയം അവരുടെ ചികില്‍സാച്ചെലവ് കൂടി വഹിക്കാനുള്ള ശേഷിയും പരിശോധിക്കും. പൊതു ആരോഗ്യസംവിധാനത്തെ ആശ്രയിക്കാതെ നില്‍നില്‍ക്കാന്‍ പ്രാപ്തരായവരെ മാത്രം രാജ്യത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് നിലപാടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.