Image Credit: AFP
പാക്കിസ്ഥാന്‍–അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി തുര്‍ക്കിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് സൂചന. ചര്‍ച്ച പൂര്‍ത്തിയായെന്നും ഇനി സംസാരമില്ലെന്നുമായിരുന്നു പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന്‍റെ പ്രതികരണം. ചര്‍ച്ച പരാജയപ്പെട്ടാല്‍ യുദ്ധം ആരംഭിക്കുമെന്നായിരുന്നു ആസിഫ് ഇന്നലെ ഭീഷണി മുഴക്കിയത്. അതേസമയം, പാക്കിസ്ഥാന്‍റെ ഭീഷണി സന്ദേശങ്ങളോട് അഫ്ഗാനിസ്ഥാന്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്‍റെ വശത്ത് നിന്നും വെടിനിര്‍ത്തല്‍ ലംഘനമോ പ്രകോപനമോ ഉണ്ടായാല്‍ യുദ്ധത്തിന് പാക്കിസ്ഥാന്‍ മടിക്കില്ലെന്നും അതിര്‍ത്തിയിലെ സമാധാനം അഫ്ഗാനിസ്ഥാന്‍റെ മാത്രം ഉത്തരവാദിത്തമാണെന്നും ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് വ്യക്തമാക്കി.
Image Credit: Screengrab/x
അതേസമയം, ഇരുപക്ഷവും വെടിനിര്‍ത്തല്‍ തുടരാന്‍ തീരുമാനിച്ചെന്നായിരുന്നു തുര്‍ക്കി നേരത്തെ പ്രസ്താവനയിലൂടെ അറിയിച്ചത്. സമാധാനം നിലനിര്‍ത്താനും വെടിനിര്‍ത്തല്‍ ലംഘിക്കുന്ന രാജ്യത്തിനെതിരെ പിഴ ചുമത്താനും തീരുമാനിച്ചെന്നും ഇസ്താംബുള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2021 ലെ ദോഹ സമാധാന ഉടമ്പടി അനുസരിച്ച് ഭീകരാക്രമണം ചെറുക്കുന്നതിനായുള്ള നടപടികളില്‍ താലിബാന് വീഴ്ച സംഭവിച്ചുവെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. സമാധാനവും സുസ്ഥിരതയുമാണ് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയതെന്നും സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനായി പാക്കിസ്ഥാന്‍ നിലകൊള്ളുമെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എപിക്ക് നല്‍കിയ അഭിമുഖത്തില്‍ പാക് വിദേശകാര്യ വക്താവ് പറഞ്ഞു. അഫ്ഗാനിലെ ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായുള്ള താലിബാന്‍റെ നടപടികളെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലിബാന്‍ മന്ത്രി ആമിര്‍ ഖാന്‍ മുത്താഖ്വിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് പാക്– അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. കാബൂളില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആരോപിച്ചാണ് താലിബാന്‍ പാക് പോസ്റ്റുകള്‍ ആക്രമിച്ചത്. തിരിച്ചടിയില്‍ 58 പാക് സൈനികരെ വധിച്ചുവെന്ന് താലിബാന്‍ അവകാശപ്പെട്ടു. ഇതില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും അഫ്ഗാനിസ്ഥാനില്‍ കടുത്ത വ്യോമാക്രമണം പാക്കിസ്ഥാന്‍ നടത്തി. ഇതില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇന്ത്യ താലിബാനെ മുന്‍നിര്‍ത്തി നിഴല്‍യുദ്ധം നടത്തുകയാണെന്ന ആരോപണവും ഇതിനിടയില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തി. എന്നാല്‍ ഇന്ത്യ ഇത്തരം വാദങ്ങളെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.