ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനുള്ള നടപടികൾ  ഉടൻ പുനരാരംഭിക്കാൻ   പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്   നിര്‍ദേശിച്ചതിന് പിന്നാലെ  ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ച്  അമേരിക്ക. വാൻഡൻബർഗ് ബഹിരാകാശ താവളത്തിൽ  പോര്‍മുന ഒഴിവാക്കിയാണ്  ഐസിബിഎമ്മിന്‍റെ പരീക്ഷണ വിക്ഷേപണം  നടത്തിയതെന്ന് എയർഫോഴ്‌സ് ഗ്ലോബൽ സ്‌ട്രൈക്ക് കമാൻഡ് (എഎഫ്‌ജിഎസ്‌സി) പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ്പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നു ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാനുള്ള  ട്രംപിന്‍റെ നിര്‍ദേശം. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഎസ് ഇത്തരത്തില്‍ ഒരു ആണവായുധ പരീക്ഷണത്തിന് തയ്യാടുക്കുന്നത്. 

മാർഷൽ ദ്വീപുകളിലെ റൊണാൾഡ് റീഗൻ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് ടെസ്റ്റ് സൈറ്റിന് സമീപത്തായാണ്  അമേരിക്കയുടെ പരീക്ഷണ മിസൈല്‍ പതിച്ചത്. ആണവ ശക്തികളായ ചൈനയ്ക്കും റഷ്യയ്ക്കുമുള്ള സന്ദേശമായാണ് ട്രംപിന്‍റെ നീക്കം വിലയിരുത്തപ്പെടുന്നത്. 1992നുശേഷം അമേരിക്ക ആണവായുധ പരീക്ഷണം നടത്തിയിരുന്നില്ല. എന്നാല്‍ എതിരാളികളായ ആണവശക്തികൾക്കൊപ്പം അമേരിക്ക തുല്യമായി  നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ പരീക്ഷണം ആവശ്യമാണെന്നാണ് ട്രംപിന്‍റെ നിലപാട്. അതേസമയം ആണവായുധങ്ങളുമായി ബന്ധപ്പെട്ട് ലോകം കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണോയെന്ന ആശങ്കയും ഇതിനോടൊപ്പം ഉയരുന്നുണ്ട്. ആണവനീക്കം ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോഴും എന്താണ് ട്രംപിന്‍റെ ലക്ഷ്യമെന്ന് വ്യക്തമല്ലെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ വൈറ്റ് ഹൗസും പെന്‍റഗണും തയ്യാറായിട്ടില്ല.

ലോകത്തെവിടെയുമുള്ള ആണവ സ്‌ഫോടനങ്ങള്‍ നിരോധിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയില്‍ 1996 ല്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ ആണ് ഒപ്പുവച്ചത്. എന്നാല്‍ കരാറില്‍ നിന്നും 2023 ല്‍ റഷ്യ പിന്‍മാറിയിരുന്നു. റഷ്യയെ യുഎസിന് തൂല്യമാക്കാന്‍ പിന്‍മാറ്റം ആവശ്യമാണെന്നായിരുന്നു പിന്‍മാറ്റത്തോടുള്ള റഷ്യയുടെ വാദം. 

ENGLISH SUMMARY:

Following President Donald Trump's directive to immediately resume procedures for testing nuclear weapons, the United States tested an Intercontinental Ballistic Missile (ICBM). The Air Force Global Strike Command (AFGSC) stated in a press release that the experimental launch of the ICBM, without a warhead, was conducted at Vandenberg Space Force Base. Trump's directive to resume nuclear weapon tests came minutes before his meeting with Chinese President Xi Jinping last week. The US is preparing for such a nuclear weapon test after 33 years