ഫിലിപ്പീൻസിന്‍റെ മധ്യമേഖലയില്‍ ആഞ്ഞടിച്ച കല്‍മേഗി കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും 114 പേര്‍ മരിച്ചു. 127 പേരെ കാണാതായി. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, സാഹചര്യത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ചു.
ശക്തമായ ഭൂകമ്പത്തിൽ നിന്ന് കരകയറി വരുന്ന സെബു പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണവും നാശനഷ്ടവും. കൊടുങ്കാറ്റിനു പിന്നാലെ നദികളെല്ലാം കരകവിഞ്ഞൊഴുകി. വെള്ളപ്പൊക്കത്തിലാണ് കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തിരിച്ച വ്യോമസേനയുടെ ഹെലികോപ്റ്റർ തെക്കൻ പ്രവിശ്യയായ അഗുസാൻ ഡെൽ സൂരിൽ തകർന്നുവീണ് ആറ് സൈനികർ മരിച്ചു. മലകളില്‍ നിന്ന് കുത്തിയൊഴുകിയ വെള്ളത്തില്‍ പ്രധാനപ്പെട്ട സിറ്റികളടക്കം തകര്‍ന്നു. മഴയും കാറ്റും ശമിച്ചെങ്കിലും ചെളിവീണ് മൂടിയ ഇടങ്ങളില്‍ രക്ഷാദൗത്യം ദുഷ്കരമാണ്. നാലുലക്ഷം ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു. രാജ്യം ഒരിക്കലും പ്രതീക്ഷിക്കാത്തത്ര വ്യാപ്തിയിലാണ് ദുരന്തമുണ്ടായതെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. വിയറ്റ്നാമിലും തായ്ലാന്‍ഡിലും കല്‍മേഗി നാശം വിതച്ചു.