ന്യൂയോർക്ക് സിറ്റിയുടെ മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജൻ, ആദ്യത്തെ മുസ്​ലിം , ആദ്യത്തെ ദക്ഷിണേഷ്യൻ,ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍,യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാർഥിയും റാപ്പ് ഗായകനുമായ സൊഹ്റാൻ മംദാനി വിജയിക്കുമ്പോള്‍ പിറക്കുന്നത് ഇങ്ങനെ ചില ചരിത്രങ്ങള്‍ കൂടിയാണ്.

മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്‌റാൻ മംദാനിയുടെ അഭിമാനകരമായ നേട്ടം.

സ്വയം ഒരു ഡൊമാക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന മംദാനി ന്യൂയോര്‍ക്കിന്‍റെ അധികാരക്കസേരയില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ നേട്ടത്തിന് മാറ്റ് കൂട്ടുന്ന  മറ്റ് ചിലത് കൂടിയുണ്ട്.

വ്യത്യസ്തമായ ശൈലികള്‍ പയറ്റി നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ന്യൂയോർക്കിലെ സാധാരണക്കാരെയും യുവജനങ്ങളെയും ആകർഷിക്കുന്നതായിരുന്നു സോറന്‍ മംദാനിയുടെ പോരാട്ടം.

എല്ലാ കുട്ടികള്‍ക്കും മെച്ചപ്പെട്ട പരിപാലനം, സൗജന്യ ബസ് യാത്ര, വാടക വര്‍ധന മരവിപ്പിക്കുക, ബസ് യാത്ര സൗജന്യമാക്കുക, തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളിലൂന്നിയുള്ള അദ്ദേഹത്തിന്‍റെ പ്രകടനപ്രത്രിക ജനം ഏറ്റെടുത്തു.ന്യൂയോർക്കിലെ  യുവജനങ്ങളെയും  സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള മംദാനിയുടെ പ്രചാരണത്തിന് സെനറ്റർ ബെർണി സാൻഡേഴ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾ പിന്തുണ നൽകിയിരുന്നു.

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിച്ച,ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരേ നിലകൊണ്ട അദ്ദേഹത്തെ കമ്യൂണിസ്റ്റ് എന്ന് വിളിച്ച് ട്രംപ് അധിക്ഷേപം ചൊരിഞ്ഞെങ്കിലും യഹൂദവിരുദ്ധനായി രാഷ്ട്രീയ എതിരാളികള്‍   ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും പലസ്തീൻ അനുകൂലികൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത ലഭിച്ചു.

ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാൻ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്രാന്‍ മംദാനിയുടെ ജനനം.തന്‍റെ ഏഴാം വയസിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം

ന്യൂയോര്‍ക്കിലേക്ക് കുടിയേറുന്നത്.2018ല്‍ അമേരിക്കന്‍ പൗരത്വം ലഭിച്ചു. 2025 തുടക്കത്തില്‍ സിറിയന്‍ കലാകാരിയായ റാമ ദുവാജിയെ അദ്ദേഹം വിവാഹം ചെയ്തു.

സെനറ്റിലേക്കും കോണ്‍ഗ്രസിലേക്കും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോള്‍ പുറത്തുവന്ന ജനവിധി ട്രംപിന് കനത്ത തിരിച്ചടിയാണ് വിലയിരുത്തപ്പെടുന്നത്.

വിജയ പ്രസംഗത്തിൽ അദ്ദേഹം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രസിദ്ധമായ "ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി" (Tryst with destiny) പ്രസംഗത്തിലെ വരികൾ ഉദ്ധരിക്കുകയും 'ധൂം മചാലെ' എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെക്കുകയും ചെയ്തു. പ്രംസംഗത്തില്‍

ട്രംപിനെതിരെ ആഞ്ഞടിക്കാനും അദ്ദേഹം മറന്നില്ല. വിദ്വേഷത്തോടും അസമത്വത്തോടും പോരാടുന്നതിൽ ന്യൂയോർക്ക് ഒരിക്കൽ കൂടി രാജ്യത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

"മോശം വീട്ടുടമകളെ" കണക്കുപറയിക്കുമെന്നും നഗരവ്യാപകമായി വാടക മരവിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം ശപഥം ചെയ്തു.  “നമ്മുടെ നഗരത്തിലെ ഡൊണാൾഡ് ട്രംപ്പുമാരെപ്പോലുള്ളവർ അവരുടെ വാടകക്കാരെ ചൂഷണം ചെയ്ത് വളരെയധികം സുഖമായി ജീവിച്ചു. ട്രംപിനെപ്പോലുള്ള കോടീശ്വരന്മാരെ നികുതി വെട്ടിക്കാനും നികുതി ഇളവുകൾ ചൂഷണം ചെയ്യാനും അനുവദിച്ച അഴിമതിയുടെ സംസ്കാരം ഞങ്ങൾ അവസാനിപ്പിക്കും.”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ന്യൂയോര്‍ക്ക് കുടിയേറ്റക്കാരുടെ നഗരമാണ്, കുടിയേറ്റക്കാർ നിർമ്മിച്ചതാണ്, കുടിയേറ്റക്കാർ ശക്തി പകരുന്നതാണ്—ഇപ്പോൾ, ഒരു കുടിയേറ്റക്കാരൻ നയിക്കുന്നതുമാണ്". മംദാനിയുടെ ഈ വാക്കുകളിലുണ്ട് എല്ലാം..

ENGLISH SUMMARY:

When Zohran Mamdani, the Democratic candidate and rap singer, won the election for Mayor of New York, the largest city in the US, he set several new historical milestones