The mask of King Tutankhamun (REUTERS)

TOPICS COVERED

1891, മമ്മികളെ കുറിച്ചും പിരമിഡുകളെക്കുറിച്ചും പഠനം നടത്താനായി ബ്രിട്ടിഷ് പര്യവേക്ഷകനായ ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെത്തുന്നു. അന്ന് ഈജിപ്ത് ബ്രിട്ടന്‍റെ  അധീനതയിലാണ്. കുറച്ചു കാലം കൊണ്ടു തന്നെ കാര്‍ട്ടറു‍ടെ ശ്രദ്ധ തൂത്തൻ ഖാമനിലേക്ക് തിരിഞ്ഞു. ഈജിപ്തിന്‍റെ ചരിത്രത്തിൽ അധികം അറിയപ്പെടാത്ത, കൗമാര പ്രായത്തിൽ മരിച്ച ചക്രവർത്തി! ആറു വർഷം! കാര്‍ട്ടര്‍ തൂത്തൻ ഖാമന്‍റെ കല്ലറ തേടിയലഞ്ഞു. ഒടുവില്‍ 1922 നവംബറില്‍ ആ കല്ലറ കാർട്ടറും സംഘവും കണ്ടെത്തി.

‘ചക്രവർത്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിത്തീരും. ഈ മൃതിയറയുടെ താഴുകൾ തുറന്നെത്തുന്നവർ ആർക്കും ചികിൽസിക്കാനാകാത്ത രോഗങ്ങളാല്‍ മരണം വരിക്കും’

കല്ലറയുടെ വാതിലിലെ ദ്വാരത്തിലൂടെ ഒരു മെഴുകുതിരി നീട്ടിയ കാര്‍ട്ടര്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കാണുന്നിടത്തെല്ലാം സ്വർണം, അതിയശയകരമായ മറ്റ് വസ്തുക്കള്‍. വിലമതിക്കാനാകാത്ത നിധി. 1923 ഫെബ്രുവരിയോടെ കാര്‍ട്ടര്‍ തൂത്തൻ ഖാമന്‍റെ ശവപേടകം കണ്ടെടുത്തു. പേടകത്തിന്‍റെ  മൂടി തുറന്നപ്പോൾ പൂർണമായും സ്വർണം കൊണ്ടുള്ള മനുഷ്യരൂപത്തിൽ നിർമിച്ച മറ്റൊരു പേടകം. തൂത്തൻ ഖാമന്‍റ മമ്മി. മൃതശരീരം അടക്കി 3300 വർഷങ്ങൾക്കു ശേഷം ആദ്യമായി ആ മമ്മി ലോകം കണ്ടു.

ആരായിരുന്നു തൂത്തൻ ഖാമന്‍?

The sarcophagus of King Tutankhamun (AFP PHOTO/ KHALED DESOUK)

ബിസി 1333 മുതൽ 1323 വരെ ഈജിപ്ത് ഭരിച്ച ചക്രവർത്തി. അഖേനാടനിനു ശേഷം തന്‍റെ ഒൻപതാം വയസ്സില്‍ അധികാരത്തില്‍. അഖേനാടന്‍റെ മകളായ അൻഖേസൻ പാറ്റണുമായി വിവാഹം. അഖേനാടൻ മാറ്റി മറച്ച ഈജിപ്തിന്‍റെ പഴയ ആരാധനാരീതികളും വിശ്വാസങ്ങളും തിരികെക്കൊണ്ടുവന്നത് തൂത്തന്‍ ഖാമനാണ്. എന്നാൽ തന്‍റെ 19ാം വയസ്സിൽ തൂത്തൻ ഖാമൻ അന്തരിച്ചു. മലേറിയ, അസ്ഥിരോഗം, കൊലപാതകം തുടങ്ങി തൂത്തൻ ഖാമന്‍റെ മരണത്തെ കുറിച്ചും ഒരുപാട് കഥകള്‍ പ്രചരിക്കുന്നുണ്ട്.

ഉറക്കം കെടുത്തിയ ശാപം

Mummy of the Pharaoh Tutankhamun (AFP)

ഈജിപ്തിലെ ഫറവോമാരുടെ കല്ലറ തുറന്നെത്തുന്നവരെ കാത്തിരുന്ന ഒരു ശാപവാക്യമുണ്ട്, ‘ചക്രവർത്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിത്തീരും. ആർക്കും ചികിൽസിക്കാനാകാത്ത രോഗങ്ങളാല്‍ അവര്‍ മരണം വരിക്കും’. ആ ശാപമെന്നോണം തൂത്തൻഖാമന്‍റെ മമ്മി കണ്ടെത്തി തൊട്ടടുത്ത വര്‍ഷം, ‌പര്യവേഷണത്തിന് പണം നല്‍കിയ ബ്രിട്ടനിലെ കാർണാർവോൻ പ്രഭു അന്തരിച്ചു. ഇടതുകവിളിൽ ഒരു കൊതുകു കടിച്ച് ഒരു വലിയ തുടിപ്പ് രൂപപ്പെടുകയും അത് വ്രണമാകുകയും അണുബാധയുണ്ടാകുകയുമായിരുന്നു. ആ മരണത്തിന് കാരണം തൂത്തൻ ഖാമന്‍റെ ശാപമെന്ന് പലരും വിശ്വസിച്ചുപോന്നു.

കാർണാർവോൻ പ്രഭുവിനു ശേഷം, തൂത്തൻ ഖാമന്‍റെ കല്ലറയിരുന്ന സ്ഥലം ഖനനം ചെയ്യാൻ അനുമതി നൽകിയ, ഈജിപ്തിലെ രാജകുമാരൻ അലി കമേൽ ഫാഹ്മി ബെയെ ഭാര്യ വെടിവച്ചു കൊന്നു. മമ്മിയിൽ എക്സ്റേ പരിശോധന നടത്തിയ സർ ആർച്ചിബാൾഡ് റീഡ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. പര്യവേക്ഷക സംഘത്തിനു പ്രോത്സാഹനം നല്‍കിയ സർ ലീ സ്റ്റാകും കൊല്ലപ്പെട്ടു. പര്യവേക്ഷക സംഘത്തിലുണ്ടായിരുന്ന ആർതർ മേസ്, ആർസനിക് വിഷാംശം ഉള്ളിൽ ചെന്ന് മരിച്ചു. കാർട്ടറിന്‍റെ സെക്രട്ടറിയായ റിച്ചഡ് ബെഥെലിനെ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി.

അങ്ങിനെ ഓരോ മരണവും തൂത്തന്‍ ഖാമന്‍റെ ശാപമായി അറിയപ്പെടാന്‍ തുടങ്ങി. എന്നാൽ ഹോവാഡ് കാർട്ടർ ഇതിലൊന്നും വിശ്വസിച്ചിരുന്നില്ല. പിന്നെയും 17 വർഷങ്ങൾ കഴിഞ്ഞ് 1939 ലാണ് കാർട്ടർ ബാധിച്ച് മരിച്ചത്. കാന്‍സറായിരുന്നു മരണ കാരണം.

കഥകള്‍ പലതും പ്രചരിച്ചെങ്കിലും കാർട്ടറുടെ കണ്ടെത്തലോടെ, തൂത്തൻ ഖാമനിലൂടെയാണ് ഈജിപ്തിലെ പിരമിഡുകളും മമ്മികളും പ്രശസ്തിയാര്‍ജിക്കുന്നത്. ഇന്നും മമ്മിയെന്ന് പറയുമ്പോള്‍ ആളുകളുടെ ഉള്ളിലേക്ക് ഓടിയെത്തുന്ന രൂപമായി തൂത്തൻ ഖാമൻ മാറി. ലോകം ഈജിപ്തിലേക്ക് ഒഴുകി.

ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം

എങ്കിലും തൂത്തൻ ഖാമന്‍റെ കല്ലറയില്‍ നിന്ന് കണ്ടെടുത്ത എല്ലാ വസുതുക്കളും സന്ദര്‍ശകര്‍ക്ക് കാണാന്‍ അനുവാദമില്ലായിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമായി ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം കഴിഞ്ഞ ദിവസം തുറന്നതോടെ തൂത്തൻ ഖാമന്‍റെ ശവകുടീരവും ഇനി കാണാം. ശവകുടീരത്തിൽ നിന്നായി കണ്ടെത്തിയ 5500 വസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്. തൂത്തൻ ഖാമന്‍റെ കല്ലറയിൽ നിന്നുള്ള ഒന്നും തന്നെ ഇനി രഹസ്യമായി സൂക്ഷിക്കുന്നില്ലെന്നാണ് മ്യൂസിയം മേധാവി തന്നെ വ്യക്തമാക്കിയത്.

ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പറയുന്നതനുസരിച്ച്, തൂത്തൻ ഖാമന്‍റെ കല്ലറയില്‍ നിന്ന് വീണ്ടെടുത്ത വസ്തുക്കള്‍ക്കായി പ്രത്യേക വിഭാഗം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ആറു രഥങ്ങള്‍, സ്വർണ്ണ സിംഹാസനം, സ്വർണ്ണം പൊതിഞ്ഞ സാർക്കോഫാഗസ്, ശവസംസ്കാര പേടകത്തിന്‍റെ മുഖംമൂടി എന്നിവയെല്ലാം ഗാലറിയിലുണ്ട്. 

തൂത്തന്‍ഖാമന്‍റെ കല്ലറയില്‍ നിന്നുള്ള വസ്തുക്കള്‍ക്ക് പുറമേ, റാംസെസ് രണ്ടാമന്റെ ഗ്രാനൈറ്റ് പ്രതിമ, കിങ് ഖുഫുവിന്റെ 4,600 വർഷം പഴക്കമുള്ള സോളാർ ബോട്ട് എന്നിവയും പ്രദര്‍ശനത്തിനുണ്ട്. 500,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, ഏകദേശം 70 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പത്തിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 

ENGLISH SUMMARY:

The article narrates the 1922 discovery of Pharaoh Tutankhamun's tomb by British explorer Howard Carter, a finding that revealed an unparalleled treasure and immortalized the young, little-known ruler. It also covers the famous 'Curse of Tutankhamun' that seemingly led to the mysterious deaths of several people connected to the excavation, including Lord Carnarvon. The story concludes with the recent opening of the Grand Egyptian Museum, which now displays all 5,500 artifacts found in the tomb, making the pharaoh's secrets fully accessible to the world.