ഗാസ സമാധാനക്കരാര്‍ ഒപ്പുവച്ച ഈജിപ്ത് രാജ്യാന്തര ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവിയെ ‘പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍’ എന്നുവിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ഉച്ചകോടിയില്‍ പ്രസംഗിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കുന്നതിനിടയിലായിരുന്നു ട്രംപിന്റെ വിശേഷണം.
‘പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഹെഹബാസ് ഷെരീഫ്, എന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍, അദ്ദേഹം ഇന്നിവിടെയില്ല, പക്ഷേ പ്രധാനമന്ത്രിയുണ്ട്,അദ്ദേഹത്തെ സംസാരിക്കാനായി ക്ഷണിക്കുന്നു’എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഈജിപ്തിലെ ഷാം എൽ-ഷെയ്ഖിൽ നടന്ന ഉച്ചകോടിയില്‍ ഇരുപതിലധികം രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തു. സമാധാന ഉച്ചകോടിയിൽ ഷെഹ്ബാസ് ഷെരീഫും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഊഷ്മളമായ ബന്ധം പൂര്‍ണമായും പ്രകടമായിരുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതോടൊപ്പം ഇന്ത്യാ-പാക് യുദ്ധം തടഞ്ഞതിന് ഷെരീഫ് ട്രംപിന് നന്ദി പറഞ്ഞു. ദക്ഷിണേഷ്യയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിന് ഷെരീഫ് ട്രംപിനെ പ്രശംസിക്കുകയും ചെയ്തു.
അതേസമയം ഈജിപ്തിൽ നടന്ന ഉച്ചകോടിയിലേക്ക് നേരിട്ടു ക്ഷണമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാതിരുന്നത് ഇതോടൊപ്പം ചർച്ചയാവുകയാണ്. ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി എന്നിവരാണ് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്. ഇരുപതോളം രാഷ്‌ട്രത്തലവന്മാർ പങ്കെടുത്ത ഉച്ചകോടിയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യമാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കാതിരിക്കാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന രണ്ടു രാഷ്‌ട്രത്തലവന്മാർ പരസ്‌പരം അഭിവാദ്യം ചെയ്യാത്ത സാഹചര്യം രാജ്യാന്തര തലത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും ഷഹബാസ് ഷെരീഫിനൊപ്പം വേദി പങ്കിട്ടാല്‍ അത് തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബിഹാറിലുൾപ്പെടെ പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയിലുമാണ് ഉച്ചകോടിയില്‍ നിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന.