അമിനെമോപ്പിന്‍റെ മോഷണം പോയ ബ്രേസ്‌ലെറ്റ് (Credit: Egymonuments.gov.eg) | അമിനെമോപ്പിന്റെ സ്വർണ ശവസംസ്കാര മാസ്ക് (Credit: egypt-museum.com)
ഈ മാസം ആദ്യം കയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ മോഷണം പോയ 3,000 വർഷം പഴക്കമുള്ള സ്വർണ്ണ ബ്രേസ്‌ലെറ്റ് ഉരുക്കി വിറ്റതായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ 9 നാണ് മ്യൂസിയത്തിന്‍റെ ലബോറട്ടറിയില്‍ നിന്ന് ബ്രേസ്‌ലെറ്റ് മോഷണം പോയത്. പിന്നാലെ പുരാവസ്തുക്കൾ അവലോകനം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുരകയും കാണാതായ ബ്രേസ്ലെറ്റിന്റെ ചിത്രങ്ങൾ ഈജിപ്തിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തികൾ എന്നിവിടങ്ങളിലെ പുരാവസ്തു യൂണിറ്റുകളിലേക്ക് അയക്കുകയും ചെയ്തിരുന്നു.
ബ്രേസ്‌ലെറ്റ് വിദേശത്തേക്ക് കടത്തിയിട്ടുണ്ടായിരിക്കും എന്നാണ് മന്ത്രാലയം ഭയപ്പെട്ടിരുന്നത്. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രം പേറുന്ന പുരാവസ്തു പൂര്‍ണമായും ഉരുക്കിയതായി അധികൃതര്‍ കണ്ടെത്തി . ഒരു മ്യൂസിയം ജീവനക്കാരനാണ് മോഷണത്തിന് പിന്നിലെന്ന് ഈജിപ്തിന്‍റെ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇയാള്‍ പുരാവസ്തു ഒരു ഒരു വ്യാപാരിക്ക് വില്‍ക്കുകയും തുടർന്ന്, കയ്‌റോയിലെ സ്വർണ്ണ വ്യാപാരിക്ക് മറിച്ചുവില്‍ക്കുകയുമായിരുന്നു. ഇയാള്‍ ഇത് വീണ്ടും മറിച്ച് വില്‍ക്കുകയും ഒടുവില്‍ ബ്രേസ്‌ലെറ്റ് കയ്യില്‍ കിട്ടിയ വ്യക്തി ബ്രേസ്‌ലെറ്റ് മറ്റ് വസ്തുക്കളുമായി ചേർത്ത് ഉരുക്കി പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു.
കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തതായും ബ്രേസ്‌ലെറ്റ് വിറ്റുകിട്ടിയ പണം കണ്ടെത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 3.53 ലക്ഷം രൂപയ്ക്കാണ് ബ്രേസ്‌ലെറ്റ് വിറ്റത്. ഈജിപ്തിന്‍റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗിസ പിരമിഡുകള്‍ക്ക് സമീപമുള്ള ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് നടക്കാനിരിക്കെയാണ് മോഷണം. ഒക്ടോബർ അവസാനം റോമിൽ നടക്കാനിരിക്കുന്ന ട്രഷേഴ്സ് ഓഫ് ഫറോവ എന്ന പ്രദർശനത്തിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബ്രേസ്‌ലെറ്റ് മോഷ്ടിക്കപ്പെട്ട വിവരമറിയുന്നത്.
അമിനെമോപ്പിന്‍റെ സ്വര്‍ണ ബ്രേസ്‌ലെറ്റ്
ബിസി 1,000 ൽ ഈജിപ്ത് ഭരിച്ചിരുന്ന ഫറോവയായ അമിനെമോപ്പിന്‍റെ സ്വർണ ബാൻഡ് എന്നു വിശേഷിപ്പിക്കുന്ന ബ്രേസ്ലെറ്റാണ് മോഷണം പോകുകയും ഉരുക്കി പുനര്‍നിര്‍മ്മിക്കുകയും ചെയ്തത്. ഗോളാകൃതിയിലുള്ള ലാപിസ് ലസുലി മുത്തുകൾ കൊണ്ട് അലങ്കരിച്ച സ്വർണ ബ്രേസ്ലെറ്റാണിത്. പ്രത്യേക സ്വർണ അലോയ് ഉപയോഗിച്ചാണ് ബ്രേസ്‌ലെറ്റ് നിർമിച്ചിരിക്കുന്നത്. അമിനെമോപ്പിന്റെ സ്വർണ ശവസംസ്കാര മാസ്ക് ഉൾപ്പെടെ 1,70,000 ത്തിലധികം പുരാവസ്തുക്കളാണ് തഹ്രിർ സ്ക്വയറിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിലുള്ളത്. പുരാതന ഈജിപ്തുകാർക്ക് സ്വർണം ദേവന്മാരെ പ്രതീപ്പെടുത്താനാണ് ഉപയോഗിച്ചിരുന്നത്.