പാക്കിസ്ഥാന്‍ സജീവമായി ആണവ പരീക്ഷണം നടത്തുകയാണെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മറ്റ് രാജ്യങ്ങൾ സജീവമായതിനാല്‍ അമേരിക്ക സ്വന്തം ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കണമെന്നും ട്രംപ് പറഞ്ഞു. റഷ്യ, ചൈന, ഉത്തര കൊറിയ, പാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളാണ് സജീവമായി ആണവ പരീക്ഷണം നടത്തുന്നതെന്നാണ് ട്രംപ് പറഞ്ഞത്. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ വാക്കുകള്‍. ഇത് ചെയ്യാത്ത ഒരേയൊരു രാജ്യം യു.എസ് ആണെന്നും ട്രംപ് പറഞ്ഞു.
'റഷ്യ പരീക്ഷണം നടത്തുന്നുണ്ട്, ചൈനയും പരീക്ഷണം നടത്തുന്നുണ്ട്, പക്ഷേ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. നമ്മളൊരു തുറന്ന സമൂഹമാണ്. നമ്മളതിനെക്കുറിച്ച് സംസാരിക്കുന്നു. കാരണം അല്ലെങ്കിൽ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യും. മറ്റുള്ളവരെല്ലാം പരീക്ഷണത്തിലാണ് അതിനാല്‍ ഞങ്ങളും ആണവ പരീക്ഷണം നടത്താന്‍ പോവുകയാണ്, ഉത്തര കൊറിയയും പാക്കിസ്ഥാനും പരീക്ഷിക്കുന്നുണ്ട് എന്നിങ്ങനെയായിരുന്നു ട്രംപിന്‍റെ വാക്കുകള്‍.
മറ്റേത് രാജ്യത്തെക്കാളും ആണവായുധം തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ ട്രംപ് ആണവനിരായുധീകരണത്തെ പറ്റി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനുമായും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പറഞ്ഞു.