Image: X
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാർ-ഇ ഷെരീഫിന് സമീപം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ. നഗരത്തിന് സമീപം 28 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഇന്ന് പുലർച്ചെയോടെയാണ് ഭൂചലനമുണ്ടായത്. കനത്ത നാശനഷ്ടങ്ങൾക്കും വ്യാപക ദുരന്തത്തിനും സാധ്യതയുള്ളതായി യുഎസ്ജിഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് മസാർ-ഇ ഷെരീഫിൽ താമസിക്കുന്നത്.
ഭൂചലനത്തെ തുടര്‍ന്ന് ഷോൾഗര ജില്ലയിൽ നാല് പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ബാൽഖ് പ്രവിശ്യയിലെ താലിബാൻ വക്താവ് എക്‌സിൽ കുറിച്ചു. പ്രവിശ്യയിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഉയരമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകൾ താഴേക്ക് വീണതായും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. എങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഭൂചലനത്തില്‍ വീടുകൾ തകരുമെന്ന് ഭയന്ന് നിരവധിപേര്‍ തെരുവുകളിലേക്ക് ഓടിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. മസാർ-ഇ-ഷെരീഫിന്‍റെ പ്രധാന ലാന്‍ഡ്മാര്‍ക്കായ ബ്ലൂ മോസ്കിന് സമീപം നിലത്ത് അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായി എക്സില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കാബൂളിലെ താലിബാൻ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ എക്‌സിൽ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പർവതപ്രദേശങ്ങളിലുണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിലും വടക്കേ ഇന്ത്യയിലും ഈ ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 2023 ഒക്ടോബറിൽ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,000 ത്തിലധികം ആളുകളാണ് മരിച്ചത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി അഫ്ഗാനിസ്ഥാനിലും സമീപത്തുള്ള ഹിമാലയൻ മേഖലയിലും ഭൂചലന പ്രവര്‍ത്തനങ്ങളില്‍ ആശങ്കാജനകമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സാവധാനത്തിലുള്ളതും എന്നാൽ നിരന്തരമായതുമായ കൂട്ടിയിടിയാണ് ഈ ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നത്. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന നിരവധി ഫോൾട്ട് ലൈനുകൾക്ക് മുകളില്‍ സ്ഥിതി ചെയ്യുന്നതിനാൽ അഫ്ഗാനിസ്ഥാനില്‍ ഭൂചലന സാധ്യത കൂടുതലാണ്.