ആഭ്യന്തര യുദ്ധത്തിൽ തകർന്ന് സുഡാൻ. രണ്ടു ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടത് 2,000 ത്തിലേറെ പേരാണ്. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ചെടുത്ത ശേഷം അർധസൈനിക വിഭാഗം നടത്തിയത് കൂട്ടക്കൊലയിലാണ് ഇത്രയേറെ മരണം ഉണ്ടായത്. നഗരത്തിലെ സൗദി ആശുപത്രിയിൽ മാത്രം 460 പേർ കൂട്ടക്കൊലയ്ക്കിരയായി. ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും തട്ടിക്കൊണ്ടുപോവുകയും ഒട്ടേറെപ്പേർ ലൈംഗിക അതിക്രമത്തിനിരയാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
സുഡാൻ തലസ്ഥാനമായ ഖാർത്തുമിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള എൽ ഫാഷർ ഭാഗികമായി മരുഭൂമിയാണ്. 18 മാസമായി എൽ ഫാഷർ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) കഴിഞ്ഞ ദിവസം ഇവിടം പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. സുഡാൻ സൈന്യവും വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുമായാണ് ഏറ്റുമുട്ടൽ. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് കൂട്ടക്കൊല നടത്തുന്നത്.
ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ബ്രിഗേഡിയർ ജനറൽ അൽ-ഫത്തേ അബ്ദുല്ല ഇദ്രി എന്ന അബു ലുലു നിരായുധരായ ആളുകൾക്ക് നേരെ തോക്ക് ചൂണ്ടി ഓരോരുത്തേയും പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. 2,000ത്തിലധികം പേരെ കൊന്നതായി അബു ലുലു പറയുന്ന വിഡിയോയും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ജീവനുവേണ്ടി യാചിക്കുന്നവരെ പരിഹസിക്കുന്ന അബു ലുലുവിനേയും വീഡിയോയിൽ കാണാം.
ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി എന്നാണ് സുഡാനിലെ ആഭ്യന്തര യുദ്ധത്തെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. രാജ്യത്തുടനീളം 150,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 12 ദശലക്ഷം പേർ പലായനം ചെയ്തുവെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നു.