ആക്രമണമുണ്ടായ ട്രെയിനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. Image Chris Radburn/PA via AP
കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിജിന് സമീപം പാസഞ്ചര്‍ ട്രെയിനിലുണ്ടായ കത്തിക്കുത്തില്‍ ഒന്‍പതു പേരുടെ നില ഗുരുതരം. നിരവധിപേര്‍ക്ക് കുത്തേറ്റതായാണ് വിവരം. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിംഗ്സ് ക്രോസിലേക്കുള്ള ട്രെയിനിലാണ് ആക്രമണമുണ്ടായത്. വലിയ കത്തിയുമായി ഒരാളെ കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ട്രെയിൻ ഹണ്ടിംഗ്ടൺ സ്റ്റേഷനില്‍ പിടിച്ചിട്ടു. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്നതില്‍ വ്യക്തതയില്ല.
ബ്രിട്ടന്‍ സമയം വൈകുന്നേരം 6.25 നാണ് ആക്രമണം ഉണ്ടായത്. സംഭവത്തെത്തുടർന്ന് ഹണ്ടിംഗ്ടൺ സ്റ്റേഷന്‍ അടച്ചിട്ടു. ആക്രമണത്തിന് ശേഷം സായുധ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ലോക്കൽ പൊലീസായ കേംബ്രിജ്‍യര്‍ കോൺസ്റ്റാബുലറി അറിയിച്ചു. ഹണ്ടിങ്ടണില്‍ ട്രെയിന്‍ പിടിച്ചിട്ടു ശേഷം ട്രെയിനുള്ളില്‍ ഇരച്ചുകയറിയാണ് പൊലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
പത്തു പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഒന്‍പത് പേരുടെ പരുക്ക് ഗുരുതരമാണ്.
യാത്രക്കാരൻ രക്തം വാർന്ന് ട്രെയിനിൽ ഇരിക്കുന്നത് കണ്ടാതായി ലണ്ടൻ അണ്ടർഗ്രൗണ്ട് ജീവനക്കാരനായ ഡീൻ മക്ഫാർലെയിൻ പറഞ്ഞു. ആക്രമിയുടെ കയ്യില്‍ വലിയൊരു കത്തി കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ശേഷം മേഖലയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ട്രെയിനിലുണ്ടായിരുന്ന നിരവധി യാത്രക്കാരെ ബസുകളില്‍ ലണ്ടനിലേക്ക് കയറ്റിവിട്ടു.
ആശങ്കാജനകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആദ്യം വ്യക്തമാക്കിയ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസ് പിന്നീട് ഇത് തിരുത്തിയിരുന്നു.