Image credit: sin chew daily

Image credit: sin chew daily

TOPICS COVERED

നാവിന്‍റെ 'കരുത്ത്' പരീക്ഷിക്കാന്‍ ഗോള്‍ഡ് ബീനെടുത്ത് വായിലിട്ട 11കാരന്‍കുടുങ്ങി. വായിലിട്ട് ചുഴറ്റുന്നതിനിടെ സ്വര്‍ണ ബീന്‍ വിഴുങ്ങിപ്പോകുകയായിരുന്നു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ കുന്‍ഷാനിലാണ് സംഭവം. ജിയെന്ന് പേരുള്ള യുവതിയുടെ മകനാണ് ഒന്നേകാല്‍  ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം വിഴുങ്ങിയത്. 10 ഗ്രാമോളം തൂക്കമാണ് ഗോള്‍ഡ് ബീനുണ്ടായിരുന്നത്.  

സമ്പാദ്യമെന്ന നിലയില്‍ സ്വര്‍ണം  ഗോള്‍ഡ് ബീനുകളായി വാങ്ങുന്നവരുടെ എണ്ണത്തില്‍ ചൈനയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ആറ്റുനോറ്റിരുന്ന് ഒക്ടോബര്‍ 17നാണ് ജി ഗോള്‍ഡ് ബീന്‍ വാങ്ങിയത്. 22–ാം തീയതി മകന്‍ ഇതെടുത്ത് വിഴുങ്ങുകയും ചെയ്തു. അലക്കിയ തുണി വിരിച്ചിടുന്നതിനിടെയാണ് താന്‍ ഗോള്‍ഡ് ബീന്‍ വിഴുങ്ങിയെന്നും ചത്തുപോകുമെന്നും നിലവിളിച്ച് മകന്‍ ഓടിയെത്തിയത്. തമാശ പറയുകയാണെന്നേ യുവതി ആദ്യം കരുതിയുള്ളൂ. എന്നാല്‍  അകത്തെത്തി നോക്കിയപ്പോള്‍ ഗോള്‍ഡ് ബീന്‍ കണ്ടതുമില്ല. 

വിഴുങ്ങിപ്പോയ ഗോള്‍ഡ്  ബീന്‍ തിരികെ കിട്ടാന്‍ എന്താണ് വഴിയെന്ന് ഇന്‍റര്‍നെറ്റില്‍ പരതിയതോടെ ടെന്‍ഷന്‍ വേണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ വിസര്‍ജ്യത്തിലൂടെ പുറത്തുവരുമെന്നും കണ്ടു. ഇതോടെ മകനെ 'തടങ്കലിലെന്നോണം' ജി സൂക്ഷിക്കാന്‍ തുടങ്ങി. വീടിന് പുറത്തിറങ്ങരുതെന്നും മറ്റെവിടെയുള്ള ശുചിമുറിയും ഉപയോഗിക്കരുതെന്നുമായിരുന്നു നിര്‍ദേശം. പക്ഷേ അഞ്ച് ദിവസം കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ മകനുമായി ജി ആശുപത്രിയിലെത്തി. സ്കാന്‍ പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ ഗോള്‍ഡ് ബീന്‍ കണ്ടെത്തി. ഡോക്ടര്‍മാര്‍ ഇത് പുറത്തെടുക്കുകയും ചെയ്തു. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ ഇതുപോലെയുള്ള വികൃതിക്കുട്ടികളുടെ പരിസരത്ത് നിന്ന് മാറ്റി വയ്ക്കണമെന്നായിരുന്നു ഗോള്‍ഡ് ബീന്‍ തിരികെ ലഭിച്ചതോടെ ജിയുടെ പ്രതികരണം. 

ENGLISH SUMMARY:

An 11-year-old boy in Kunshan, Jiangsu, China, accidentally swallowed a 10-gram gold bean (worth approximately ₹1.25 lakh) while trying to test the 'strength' of his tongue. After five anxious days of the mother waiting for the gold to pass naturally, she rushed the boy to the hospital where doctors successfully recovered the valuable bean from his stomach, prompting a warning about keeping such investments away from mischievous children.