ഭാര്യ ഉഷാ വാന്‍സിന്‍റെ വിശ്വാസത്തെ പറ്റിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാന്‍സ്. അവള്‍ ക്രിസ്തുമത വിശ്വാസിയല്ലെന്നും മതപരിവര്‍ത്തനം ചെയ്യാന്‍ പദ്ധതിയില്ലെന്നും വാന്‍സ് പറഞ്ഞു. ഇന്ത്യൻ വംശജയും ഹിന്ദുമത വിശ്വാസത്തിൽ വളർന്നവളുമായ ഉഷ, ക്രിസ്തുമതത്തിലേക്ക് മാറിയാൽ തനിക്ക് സന്തോഷമാകുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് വാന്‍സിന്‍റെ വിശദീകരണം.
വാൻസിന്റെ നിലപാടിന് പിന്നാലെ ഇന്ത്യൻ-അമേരിക്കൻ ഹിന്ദു അനുകൂലരില്‍ നിന്നും വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹിന്ദുഫോബിക്കാണെന്നും രാഷ്ട്രീയ ഭാവിയിൽ കണ്ണുവെച്ചുള്ള പ്രതികരണമായിരുന്നു എന്നുമായിരുന്നു വിമര്‍ശം. മിസിസിപ്പി സർവകലാശാലയിൽ നടന്ന ചടങ്ങിലാണ് വാൻസിനോട് ഭാര്യ "ക്രിസ്തുവിലേക്ക് വരുമെന്ന്" പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദ്യം വന്നത്.
തനിക്കെതിരായ അഭിപ്രായങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് വാന്‍സ് എക്സില്‍ എഴുതി. താന്‍ പൊതുമധ്യത്തിലുള്ള ആളായതിനാല്‍ എന്‍റെ മിശ്ര വിവാഹത്തില്‍ ആളുകൾക്ക് ജിജ്ഞാസയുണ്ട്, ചോദ്യം ഒഴിവാക്കുന്നില്ലെന്നും വാന്‍സ് പറഞ്ഞു. 'എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും അത്ഭുതകരമായ അനുഗ്രഹമാണ് ഭാര്യ. വർഷങ്ങൾക്ക് മുമ്പ് എന്റെ വിശ്വാസവുമായി വീണ്ടും ബന്ധപ്പെടാൻ അവൾ എന്നെ പ്രോത്സാഹിപ്പിച്ചു. അവൾ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാൻ പദ്ധതിയില്ല'
'പക്ഷേ ഒരു മിശ്രവിവാഹത്തിലോ അല്ലെങ്കിൽ ഏതെങ്കിലും മിശ്രബന്ധത്തിലോ ഉള്ള പലരെയും പോലെ ഒരു ദിവസം അവൾ കാര്യങ്ങൾ ഞാൻ കാണുന്നതുപോലെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തായാലും, ഞാൻ അവളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും, വിശ്വാസത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും അവളോട് സംസാരിക്കും, കാരണം അവൾ എന്റെ ഭാര്യയാണ്'.
ക്രിസ്ത്യൻ വിരുദ്ധ പോസ്റ്റുകൾക്കും വാൻസ് മറുപടി പറയുന്നുണ്ട്. ക്രിസ്ത്യാനികൾക്ക് വിശ്വാസങ്ങളുണ്ട്. അതെ, ആ വിശ്വാസങ്ങൾക്ക് നിരവധി പ്രത്യാഘാതങ്ങളുണ്ട്, അതിലൊന്ന് നമ്മൾ അവ മറ്റുള്ളവരുമായി പങ്കിടാൻ ആഗ്രഹിക്കുന്നു എന്നതാണ്. അത് തികച്ചും സാധാരണമായ ഒരു കാര്യമാണ്, നിങ്ങളോട് മറിച്ചാണ് പറയുന്ന ഏതൊരാൾക്കും ഒരു അജണ്ടയുണ്ട് എന്നാണ് വാൻസ് എഴുതിയത്.