പല തരത്തിലുള്ള ഡ്രില്ലുകള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു ഫയര്‍ ഡ്രില്ലിന്‍റെ കാഴ്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സ്കൂളിലെ ഒരു വിദ്യാര്‍ഥിനിയാണ് ഡ്രില്‍ വൈറലാക്കിയത്. അതേസമയം, വിഡിയോയുടെ ഉറവിടവും ചിത്രീകരിച്ച സമയവും വ്യക്തമല്ല.
തീപിടുത്തമുണ്ടായാല്‍ എന്തുചെയ്യണമെന്ന പതിവ് സുരക്ഷാ ബോധവത്കരണത്തിന്‍റെ ഭാഗമായിരുന്നു ഫയർ ഡ്രിൽ. മോക്ഡ്രില്ലിന്‍റെ ഭാഗമായി കൊളുത്തിയ തീ അണയ്ക്കുന്നതിനായി ഒരു വിദ്യാര്‍ഥിനി ശ്രമിക്കുന്നതാണ് വിഡിയോ. ഫയർ എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് തീയണച്ചശേഷം അവള്‍ ആത്മവിശ്വാസത്തോടെയും എന്നാല്‍ നാടകീയമായും ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ആ പോസും പിന്നാലെ ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ കയ്യിലെടുത്തുള്ള ക്യാറ്റ് വാക്കും കൂടിയായപ്പോള്‍ സംഭവം വൈറലായി. മോഡലുകളെ വെല്ലുന്നരീതിയിലായിരുന്നു നടത്തവും പോസും. പിന്നാലെ പ്രശംസകളുമായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളുമെത്തി.
ഇന്തോനേഷ്യയിലെ അഗ്നി സുരക്ഷാ, പ്രതിരോധ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടേയും പങ്കാളിത്തം വളരെ വലുതാണ്. 2022-ൽ സ്ഥാപിതമായ ‘പവർ ഓഫ് മാമ’ എന്നറിയപ്പെടുന്ന ഇന്തോനേഷ്യൻ സ്ത്രീകളുടെയും കൂട്ടായ്മ, തീപിടിത്തങ്ങൾ തടയാനും നിയന്ത്രിക്കാനും രൂപീകരിക്കപ്പെട്ടതാണ്. 2025 ൽ, വനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ നിയന്ത്രിക്കുന്നതിലും തടയുന്നതിലും ഇന്തോനേഷ്യയിലെ സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് യുഎന്നും അംഗീകരിച്ചിട്ടുണ്ട്.