എഐ മന്ത്രി ഗര്‍ഭിണിയാണെന്നും 83 കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചെന്നുമുള്ള അല്‍ബേനിയയുടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ട് രാജ്യം ഞെട്ടി. രാജ്യത്തിന്റെ പൊതു സംഭരണ സംവിധാനം സുതാര്യമാക്കാനും അഴിമതിമുക്തമാക്കാനുമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ എഐ മന്ത്രിയായി ‘ദിയെല്ല’യെ നിയമിച്ചത്. എന്നാല്‍ ദിയെല്ല ഗര്‍ഭിണിയാണെന്ന് പ്രസ്താവിച്ച ഏഡി രാമയുടെ വാക്കുകള്‍ പാര്‍ട്ടിക്കാര്‍ക്ക് പോലും ദഹിച്ചില്ലെന്നാണ് സൂചന.
സത്യത്തില്‍ ഓരോ പാർലമെന്റ് അംഗത്തിനും ഓരോ സഹായികളെ സൃഷ്ടിക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് ‘83 കുട്ടികള്‍’ എന്ന പ്രസ്താവനയിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചിരിക്കുന്നത്. ദിയെല്ലയെ നിയമിച്ചതിലൂടെ പല കാര്യങ്ങളും മനോഹരമായി നടപ്പാക്കാന്‍ കഴിഞ്ഞെന്നും അതിനാല്‍ 83 കുട്ടികളെ കൂടി സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നെന്നും രാമ പറഞ്ഞു. ഈ സഹായികള്‍ പാർലമെന്റിൽ നടക്കുന്നതെല്ലാം രേഖപ്പെടുത്തുകയും, ചർച്ചകളോ പ്രതിനിധികള്‍ക്ക് നഷ്ടമാകുന്ന സംഭവങ്ങളോ സംബന്ധിച്ച് നിയമനിർമ്മാതാക്കളെ അറിയിക്കുമെന്നും രാമ.
ഈ കുട്ടികള്‍ക്കെല്ലാം അവരുടെ അമ്മ ദിയെല്ലയുടെ അറിവുണ്ടാകുമെന്നും പ്രധാനമന്ത്രി രാമ പറയുന്നു. 2026 അവസാനത്തോടെ ഈ സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐ കുട്ടികളുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും രാമ വിശദീകരിച്ചു,‘ നിങ്ങൾ കാപ്പി കുടിക്കാൻ പോയി തിരികെ ജോലിക്ക് വരാൻ മറന്നാൽ, അതിനിടെ സംഭവിച്ചത് എന്താണെന്നു ഈ കുട്ടി പറയും, ആരെയാണ് നിങ്ങൾ എതിർക്കേണ്ടതെന്നും പറയും’.
ദിയെല്ല അല്‍ബേനിയന്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ കൈമാറുന്നതിലും ബിസിനസുകള്‍ക്ക് സഹായം നല്‍കുന്നതിലുമുള്‍പ്പടെ മിടുക്കിയാണ്, എഐ-നിർമ്മിത മന്ത്രിയെ പരമ്പരാഗത അൽബേനിയൻ വസ്ത്രം ധരിച്ച ഒരു സ്ത്രീയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പൊതു ടെൻഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനും ദിയെല്ലയ്ക്ക് ചുമതല നൽകിയിട്ടുണ്ട്. മനുഷ്യനല്ലാത്ത ഒരു സർക്കാർ മന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അൽബേനിയ.