Image: X, @RahulYadav61762

  • വ്യാജ ടൂര്‍പാക്കേജ് നല്‍കി കബളിപ്പിച്ചു. ഇന്ത്യന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

തായ്‌ലന്‍ഡില്‍  മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ അഞ്ച് ഇന്ത്യക്കാര്‍ പിടിയിലായി. ഇതോടൊപ്പം സംഭവത്തിനു പാക് ബന്ധമുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. 

വിനോദസഞ്ചാരികളായ മൂന്ന് യുവാക്കളെയാണ് തട്ടിക്കൊണ്ടുപോയ ശേഷം ബന്ധുക്കളില്‍ നിന്നും ക്രിപ്റ്റോകറന്‍സി രൂപത്തില്‍ വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ടത്. ബാങ്കോക്കിലെ ഹോട്ടലില്‍ തങ്ങിയ പ്രതികള്‍ രാജ്യം വിടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് തായ് പൊലീസ് പിടികൂടിയത്. അതേസമയം ഈ തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാക് സ്വദേശിയാണെന്ന തരത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. 

വ്യാജ ടൂര്‍പാക്കേജ് നല്‍കിയാണ് പ്രതികള്‍ ഇരകളെ വലയിലാക്കുന്നത്. ഒരാഴ്ചത്തെ അവധിക്കാല പാക്കേജ് വാഗ്ദാനം ചെയ്താണ് പ്രതികള്‍ കബളിപ്പിച്ചത്. മോഹിത് (23), ആശിഷ് (24), ഹിമാൻഷു (20) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. പട്ടായയിലെ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റിലേക്കെത്തിച്ച യുവാക്കളെ ഓരോരുത്തരെയായി വാടകവീട്ടിലെത്തിച്ച് തടവിലാക്കുകയായിരുന്നു.  

അതിക്രൂരമായ പീഡനമാണ് ഈ ഒരാഴ്ചക്കിടെ അനുഭവിച്ചതെന്ന് യുവാക്കള്‍ പറയുന്നു. വാടകവീടിന്റെ രണ്ടാംനിലയില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി, വായ മൂടിയ നിലയിലാണ് ഇരകളെ പൊലീസ് കണ്ടെത്തിയത്. ശരീരം തല കീഴായി കെട്ടിത്തൂക്കിയും തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ചും ഉപദ്രവിച്ചു. ബന്ധുക്കളെ പേടിപ്പിക്കാനായി വസ്ത്രത്തിലുടനീളം ചുവന്ന സ്പ്രേ പെയിന്റ് അടിച്ച് രക്തം ഒലിക്കുന്നതായ തരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് വിഡിയോ കോളിലൂെട ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു.  

70ലക്ഷത്തിലധികം രൂപയാണ് ബന്ധുക്കളില്‍ നിന്നും മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.അവതാർ സിങ് (38), ജഗ്ജിത് സിങ് (38), രാംബലക് കുമാർ (24), സുഖ്ബീർ സിങ് (37), കുൽറ സിങ് (27) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ പൗരന്മാർ. ഒരു മാസം മുന്‍പ് പരിചയപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയാണ് ഈ കുറ്റകൃത്യത്തിനു പിന്നിലെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. 

ഇരകളായ യുവാക്കളുടെ കുടുംബങ്ങള്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രഹസ്യ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പട്ടായയില്‍ നടത്തിയ തിരച്ചിലില്‍ ആണ് പൊലീസ് ഇരകളായ മൂന്ന് യുവാക്കളേയും രക്ഷപ്പെടുത്തിയത്. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.  

 

Three Indian Tourists Kidnapped and Tortured in Thailand; 5 Arrested, Pakistani Link Probed:

Thai police have rescued three young Indian tourists who were lured to Pattaya with fake holiday packages, held captive, and subjected to severe physical abuse. Five Indian nationals were arrested at a Bangkok hotel while attempting to flee the country after demanding over ₹70 lakh in cryptocurrency as ransom from the victims' families. The rescue operation was launched after the families alerted the Indian Embassy, enabling local authorities to trace the victims using CCTV footage and local intelligence. According to statements from the arrested suspects, a Dubai-based Pakistani national masterminded the entire abduction scheme.