President Donald Trump speaks in the Oval Office of the White House, Thursday, Oct. 16, 2025, in Washington. AP/PTI(AP10_17_2025_000004A)

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായും വെട്ടിക്കുറച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡോണള്‍‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ‘റഷ്യൻ എണ്ണ വാങ്ങുന്നത് ചൈന ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്, ഇന്ത്യ പൂർണ്ണമായും വെട്ടിക്കുറച്ചു, ഞങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’ ട്രംപ് പറഞ്ഞു.ആസിയാന്‍ ഉച്ചകോടിയില്‍ എത്തിയപ്പോഴാണ് പ്രതികരണം. ഇന്ത്യ– പാക് സംഘര്‍ഷത്തില്‍ ഇടപ്പെട്ടെന്നും ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയുണ്ടായി.

ഇതാദ്യമായല്ല ഈ അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന വാദവുമായി മുന്‍പ് ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പെന്ന വിശേഷണത്തോടെയായിരുന്നു ട്രംപിന്‍റെ ഈ അവകാശവാദം. ഇന്ത്യ എന്നും യു.എസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും ചൈനയെകൊണ്ടും ഇത് ചെയ്യിക്കും എന്നും ട്രംപ് അവകാശപ്പെടുകയുണ്ടായി. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളുകയും ചെയ്തു. റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ത്താത്തത് ചൂണ്ടിക്കാട്ടിയാണ് മുന്‍പ് ഇന്ത്യയ്‌ക്കെതിരെ യു.എസ് ഇരട്ട തീരുവയും ചുമത്തിയിരുന്നത്.

അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈനയും കുറയ്ക്കുകയാണെന്ന് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. അടുത്തയാഴ്ച ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയവും ചർച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎസ്-ചൈന കൂടിക്കാഴ്ച നടക്കുന്നത്. ഇത് നിലവിലെ വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരാമമായേക്കും എന്നാണ് പ്രതീക്ഷ. 

ENGLISH SUMMARY:

US President Donald Trump, speaking at the ASEAN summit, claimed once again that India has "completely cut back" on purchasing Russian oil. This claim, which Trump has made before, has been consistently denied by India, which prioritizes consumer interests and diversification of energy sources despite facing US tariffs over the issue.