Image Credit: HT
സിര്‍ ക്രീക്കിനടുത്ത് സംയുക്ത സൈനികാഭ്യാസം ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യോമാതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി പാക്കിസ്ഥാന്‍.മധ്യ– തെക്കന്‍ വ്യോമപാതയില്‍ ജാഗ്രതാ നിര്‍ദേശവും പാക്കിസ്ഥാന്‍ പുറപ്പെടുവിച്ചു. ഈ മാസം 28,29 തീയതികളിലേക്കാണ് വൈമാനികര്‍ക്കായി നോട്ടാം പ്രഖ്യാപിച്ചത്. അതിര്‍ത്തിയിലെ ഇന്ത്യയുടെ നടപടി കേവലം സൈനികാഭ്യാസം മാത്രമായിരിക്കില്ല, മറിച്ച് ആയുധ പരീക്ഷണം കൂടിയാകാമെന്ന കണക്കുകൂട്ടലിലാണ് പാക് നടപടി.
പാക് അതിര്‍ത്തിക്കരികെ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെയാണ് സംയുക്ത സേനാഭ്യാസത്തിന് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യ നേരത്തെ തന്നെ നോട്ടാം പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ– പാക് സേനകള്‍ അതിര്‍ത്തിയില്‍ അതീവ ജാഗരൂകരാണ്. സൈനികാഭ്യാസങ്ങളും സൂക്ഷ്മമായാണ് ഇരുപക്ഷവും വിലയിരുത്തുന്നതും.
28000 അടിയോളം വ്യോമമേഖലയാണ് ത്രിശൂലിനായി ഇന്ത്യ വേര്‍തിരിച്ചിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസവും ത്രിശൂല്‍ തന്നെയാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. സൈനികാഭ്യാസത്തിനായി ഇന്ത്യ തിരഞ്ഞെടുത്ത സ്ഥലവും മറ്റ് വിവരങ്ങളുമാണ് ഇതിനെ സുപ്രധാനമാക്കി മാറ്റുന്നതെന്ന് പ്രമുഖ അനലിസ്റ്റായ ഡാമിയന്‍ സൈമണ്‍ പറയുന്നു. ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഡാമിയന്‍റെ വിലയിരുത്തല്‍.
അതേസമയം സതേണ്‍ കമാന്‍ഡില്‍ നിന്നുള്ള സംഘങ്ങളാകും ത്രിശൂലില്‍ പ്രധാനമായും പങ്കെടുക്കുകയെന്ന് പ്രതിരോധമന്ത്രാലയം നേരത്തെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. സൈനികാഭ്യാസത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോഴും വ്യോമ മേഖലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി നിരീക്ഷിക്കാനാണ് പാക് നീക്കം.
അതേസമയം, സിര്‍ ക്രീക്കില്‍ പാക്കിസ്ഥാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചിട്ട് ആഴ്ചകള്‍ക്കിപ്പുറമാണ് സൈനികാഭ്യാസമെന്നതും ശ്രദ്ധേയമാണ്.ദസറ ആഘോഷങ്ങള്‍ക്കിടെയായിരുന്നു പ്രതിരോധമന്ത്രി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിനും പാക്കിസ്ഥാനിലെ സിന്ധിനും ഇടയിലുള്ള ജനവാസമില്ലാത്ത ചതുപ്പ് പ്രദേശമാണ് സിര്‍ ക്രീക്ക്. 96 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ അഴിമുഖ പ്രദേശം അതീവ തന്ത്രപ്രധാന മേഖലയാണ്. പ്രദേശത്ത് സൈനിക സാന്നിധ്യം പാക്കിസ്ഥാന്‍ വര്‍ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യ സ്വരം കടുപ്പിച്ചത്.