Image Credit: www.louvre.fr
ലോകത്തെ ഞെട്ടിച്ച ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ചയില്‍ മോഷ്ടാക്കള്‍ കവര്‍ന്നത് ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്‍തുക്കളാണ്. എന്നാല്‍ മോഷ്ടാക്കള്‍ സ്പര്‍ശിക്കുക പോലും ചെയ്യാത്ത ഒരു വജ്രമുണ്ടവിടെ, ഏകദേശം 60 മില്യൺ ഡോളർ വിലമതിക്കുന്ന, ഇന്ത്യയുമായി ബന്ധമുള്ള ‘റീജന്റ് ഡയമണ്ട്’. ഈ 140.64 കാരറ്റ് ഡയമണ്ടിന് പിന്നില്‍ മറ്റൊരു കഥകൂടിയുണ്ട്... നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ‘ശാപത്തിന്‍റെ കഥ’.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 1701 ല്‍, ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിക്കരയിലുള്ള പ്രശസ്തമായ ഗോൽക്കൊണ്ട ഖനികളില്‍ നിന്നും ഖനനം ചെയ്തെടുത്തതാണ് ഈ വജ്രം. അന്ന് മുഗള്‍ ചക്രവക്രവര്‍ത്തി ഔറംഗസേബിന്റേതായിരുന്നു വജ്ര ഖനി. എന്നാല്‍ ഖനിത്തൊഴിലാളികളില്‍ ഒരാള്‍ തന്‍റെ കാലിലെ മുറിവില്‍ കെട്ടിയ തുണിയില്‍ ഒളിപ്പിച്ച് 410 കാരറ്റ് വജ്രക്കല്ല് രഹസ്യമായി കടത്തുകയായിരുന്നു. പിന്നീട് മസൂലിപട്ടണത്തില്‍ (ഇന്നത്തെ മച്ചിലിപട്ടണം) വച്ച് ഒരു ഇംഗ്ലീഷ് ക്യാപ്റ്റനെ ഇയാള്‍ പരിചയപ്പെടുകയും ഇയാള്‍ വജ്രം വില്‍ക്കാന്‍ സഹായിക്കാമെന്ന് ഖനി തൊഴിലാളികള്‍ക്ക് വാക്കുനല്‍കുകയും ചെയ്തു. എന്നാല്‍ അത്യാഗ്രഹത്താല്‍ അന്ധനായ ഇയാള്‍ യാത്രയ്ക്കിടെ ഖനിത്തൊഴിലാളിയെ കൊലപ്പെടുത്തി രത്നം സ്വന്തമാക്കി. വൈകാതെ ഒരു പ്രാദേശിക വ്യാപാരിയായ ജാംചുണ്ടിന് വില്‍ക്കുകയും ചെയ്തു.
ജാംചുണ്ടാണ് പിന്നീട് ഈ രത്നക്കല്ല് ഫോർട്ട് സെന്റ് ജോർജ് ഗവർണറായിരുന്ന തോമസ് പിറ്റിന് വില്‍ക്കുന്നത്. ഇംഗ്ലണ്ടിലേക്ക് വജ്രങ്ങളും മറ്റ് വിലയേറിയ രത്നങ്ങളും കയറ്റുമതി ചെയ്തുകൊണ്ടിരുന്നു ആളായിരുന്നു തോമസ് പിറ്റ്. എന്നാൽ ജാംചുണ്ട് പറഞ്ഞ വില തോമസ് പിറ്റ് കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതായിരുന്നു. മാത്രമല്ല അത്രയും വലിയ വജ്രം വാങ്ങാന്‍ മറ്റൊരാളെ കണ്ടെത്താന്‍ കഴിയുമോ എന്ന് പോലും തോമസ് പിറ്റിന് അറിയില്ലായിരുന്നു. തോമസ് പിറ്റ് ഉടന്‍ തന്നെ വജ്രം മകന്‍റെ കൈവശം ലണ്ടനിലേക്ക് കൊടുത്തയച്ചു. എന്നാല്‍ തോമസ് പിറ്റ് ആരെയോ ചതിച്ചാണ് ഈ വജ്രം കൈക്കലാക്കിയതെന്ന് കിംവദന്തികള്‍ നാടു നീളെ പരന്നു. വജ്രം കൈക്കലാക്കാന്‍ പലരും ശ്രമിച്ചു. തോമസ് പിറ്റിന്‍റെ ഉറക്കം നഷ്ടപ്പെട്ടു.
പിന്നീട് 1704 നും 1706 നും ഇടയിൽ ലണ്ടനില്‍ വച്ച് ആ വലിയ രത്നക്കല്ല് മുറിച്ചെടുക്കുകയും 1715-ൽ ഫ്രാൻസിലെ റീജന്റായ ഓർലിയൻസിലെ ഡ്യൂക്ക് ഫിലിപ്പ് രണ്ടാമന് വില്‍ക്കുകയും ചെയ്തു. അങ്ങിനെയാണ് ഈ വജ്രത്തിന് ‘റീജന്റ് ഡയമണ്ട്’ എന്ന പേര് ലഭിക്കുന്നത്. പിന്നീട് ലൂയി പതിനാലാമന്റെയും ലൂയി പതിനാറാമന്റെയും കിരീടങ്ങളിൽ വജ്രം പതിപ്പിച്ചിരുന്നു. മേരി ആന്റോനെറ്റിന്റെ തൊപ്പിയെയും ഈ ഡയമണ്ട് അലങ്കരിച്ചു.
1792-ൽ ഫ്രഞ്ച് വിപ്ലവകാലത്ത് ഒരിക്കൽ റീജന്റ് ഡയമണ്ട് മോഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പാരീസില്‍ നിന്നും ഇത് കണ്ടെടുത്തു. 1801 ൽ അന്നത്തെ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ട് ഈ വജ്രം തന്‍റെ വാളിന്‍റെ പിടിയില്‍ സ്ഥാപിച്ചിരുന്നു. നെപ്പോളിയന്‍റെ നാടുകടത്തലിന് ശേഷം വജ്രം ഫ്രാന്‍സിന്‍റെ ഖജനാവിലേക്ക് തിരികെയെത്തി. അതിനുശേഷം വിവിധ കിരീടാഭരണങ്ങളുടെ ഭാഗമായി. 1887 മുതൽ ‘റീജന്റ് ഡയമണ്ട്’ ലൂവ്രിലുണ്ട്. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദഗ്ധർ റീജന്റ് ഡയമണ്ടിന്‍റെ മൂല്യം 60,000,000 യുഎസ് ഡോളര്‍ അതായത് 504 കോടി ഇന്ത്യന്‍ രൂപയില്‍ കൂടുതലാണെന്നാണ് കണക്കാക്കിയത്.
ശാപത്തിന്‍റെ കഥ
കല്ല് കണ്ടെത്തിയ ഖനിത്തൊഴിലാളയുടെ മരണം മുതല്‍ അത് കൈക്കലാക്കിയവര്‍ക്കെല്ലാം വന്നുചേര്‍ന്ന ദുര്‍ഭാഗ്യങ്ങളാല്‍ ‘റീജന്റ് ഡയമണ്ട്’ ശപിക്കപ്പെട്ടതാണെന്ന കഥകളും പ്രചരിച്ചിരുന്നു. കൊട്ടാര ഖജനാവിലേക്ക് എത്തുന്നതിന് മുന്‍പ് വജ്രം ദിവസങ്ങളോളം തോമസ് പിറ്റിന്‍റെ ഉറക്കം കളഞ്ഞിരുന്നു. പലതവണ അദ്ദേഹത്തിന്‍റെ ജീവന്‍ അപകടത്തിലാക്കി. പില്‍ക്കാലത്ത് വജ്രം ഉപയോഗിച്ചവരില്‍ ലൂയി XVIയും മേരി ആന്റോയിനറ്റും വധിക്കപ്പെട്ടു. ലൂയി XVIII രണ്ടുതവണ നാടുകടത്തപ്പെട്ടു. ചാൾസ് പത്താമന് രാജ്യം രാജിവെക്കേണ്ടിവന്നു. നോപ്പോളിയന്‍ നാടുകടത്തപ്പെട്ടു. അതേസമയം റീജന്റ് ഡയമണ്ടിന്‍റെ ശാപത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകളില്‍ ഒരാൾ ആയിരുന്നു ഡ്യൂക്ക് ഫിലിപ്പ് രണ്ടാമന്‍. പല കഥകളും പിറന്നെങ്കിലും ഇന്നും ലൂവ്രിലെ അപ്പോളോ ഗാലറിയിലെ കേന്ദ്രബിന്ദുവാണ് ‘റീജന്റ് ഡയമണ്ട്’.