ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് രാജകിരീടത്തിലെ അമൂല്യരത്നങ്ങൾ പട്ടാപ്പകൽ കൊള്ളയടിച്ച കേസിലെ പ്രതികൾ പിടിയിൽ. പ്രതികളിലൊരാൾ ഷാള്‍ ദെ ഗാള്‍ വിമാനത്താവളത്തിൽ നിന്ന് രാജ്യം വിടാൻ ശ്രമിക്കവെയാണ് പിടിയിലായതെന്ന് പാരിസ് പ്രോസിക്യൂട്ടർ അറിയിച്ചു.
ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ സെയ്ൻ-സെന്റ്-ഡെനിസ് സ്വദേശികളായ മുപ്പതുകാരായ രണ്ടുപേരാണ് അറസ്റ്റിലായതെന്ന് 'ലെ പാരിസിയൻ' പത്രം റിപ്പോർട്ട് ചെയ്തു. ഇവര്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്. പിടിയിലായവരിൽ ഒരാൾ അൾജീരിയയിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നും പത്രം പറയുന്നു.എന്നാൽ, എത്രപേർ അറസ്റ്റിലായി എന്നോ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ പ്രോസിക്യൂട്ടർ ലോറേ ബെക്കൂ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തായതിൽ അവർ അതൃപ്തി രേഖപ്പെടുത്തി. മോഷ്ടിക്കപ്പെട്ട ആഭരണങ്ങളും മറ്റു പ്രതികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ഈ വെളിപ്പെടുത്തൽ തടസ്സമാകുമെന്ന് അവര്‍ പറഞ്ഞു. ഒക്ടോബർ 19-ന് മ്യൂസിയം തുറന്നുപ്രവർത്തിക്കുമ്പോഴായിരുന്നു ലോകത്തെ നടുക്കിയ കവർച്ച. ക്രെയിൻ ഉപയോഗിച്ച് മുകൾനിലയിലെ ജനൽ തകർത്ത മോഷ്ടാക്കൾ, 900 കോടി രൂപ വിലമതിക്കുന്ന എട്ട് അമൂല്യവസ്തുക്കളുമായി മോട്ടോർ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. മ്യൂസിയത്തിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ തുറന്നുകാട്ടിയ ഈ സംഭവം ഫ്രാൻസിന് വലിയ നാണക്കേടായി